ksrtc

കോട്ടയം: സെർവർ തകരാർ കാരണം കെ.എസ്.ആർ.ടി.സി ബസുകൾ മണിക്കൂറുകളോളം വൈകുന്നു. ഇന്ന് രാവിലെ തൊടുപുഴ ഡിപ്പോയിൽ നിന്ന് പുറപ്പെടേണ്ട ബസുകളാണ് മണിക്കൂറോളം വൈകിയോടുന്നത്. ദൂരസ്ഥലങ്ങളിലേക്കും ഓഫീസുകളിലേക്കും മറ്റും പോകേണ്ട നിരവധി യാത്രക്കാരാണ് ഇത് കാരണം ദുരിതത്തിലായത്. ടിക്കറ്റ് മെഷീനുമായി ബന്ധിപ്പിക്കുന്ന സിസ്റ്റം സെർവർ തകരാറിലായതാണ് പ്രശ്നമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു.

ഇന്ന് രാവിലെ 6 മണി മുതലാണ് ബസുകൾ ഓടാതായത്. പ്രധാനമായും തിരുവനന്തപുരം, കോട്ടയം ഭാഗത്തേക്ക് പോകുന്ന ബസുകളാണ് വൈകിയത്. 7.30 ഓടെയാണ് പ്രശ്നം പരിഹരിച്ചു. ഇത്തരത്തിൽ സെർവർ തകരാറിലാകുന്നത് സ്ഥിരം സംഭവമാണെന്ന് യാത്രക്കാർ പറയുന്നു.

ഇന്നലെയും ഇതുപോലെ അരമണിക്കൂറോളം വൈകിയതായി യാത്രക്കാർ പറയുന്നു. കോട്ടയം ഡിപ്പോയിലും ഇന്നലെ വൈകിട്ട് പാലാ ഭാഗത്തേക്ക് പോകുന്ന ബസുകൾ ഒരു മണിക്കൂറോളം വൈകി. ബസുകൾ സമയത്ത് പുറപ്പെടാത്തതെന്താണെന്ന് ചോദിച്ചാൽ പലപ്പോഴും പരുക്കൻ മറുപടികളാണ് ലഭിക്കുകയെന്ന് യാത്രക്കാർ പറയുന്നു.

ഒരാഴ്ച മുമ്പ് തൊടുപുഴ ഡിപ്പോയിൽ തിരുവനന്തപുരത്തിന് പോകേണ്ട ബസ് അരമണിക്കൂറോളം വൈകിയപ്പോൾ യാത്രക്കാർ ബഹളം വച്ചിരുന്നു. ഇത്തരം സാഹചര്യത്തിൽ പഴയ ടിക്കറ്റ് റാക്ക് ഉപയോഗിച്ച് ബസുകൾ ഓടിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.