ന്യൂഡൽഹി:ശബരിമല വിഷയത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിവാദപ്രസ്താവനയ്ക്ക് കിടുക്കൻ മറുപടിയുമായി കോൺഗ്രസ് സോഷ്യ മീഡിയ മേധാവി ദിവ്യസ്പന്ദന. ആർത്തവരക്തത്തിൽ കുതിർന്ന സാനിട്ടറി നാപ്കിനുമായി നിങ്ങൾ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമോ? പിന്നെന്തിനാണ് അതുമായി ദേവാലയത്തിലേക്ക് പോകുന്നതെന്നാണ് സ്മൃതി ഇറാനി ചോദിച്ചത്. യോനിയിൽ നിന്ന് വരുന്നതിനൊന്നും അശുദ്ധിയില്ല. എന്നാൽ വായിൽ നിന്ന് വരുന്നതിനെക്കുറിച്ച് അങ്ങനെ പറയാനാവില്ല എന്നായിരുന്നു ദിവ്യയുടെ കുറിക്കുകൊള്ളുന്ന ട്വീറ്റ്. നിമിഷങ്ങൾക്കകം ട്വീറ്റ് വൈറലാവുകയും ചെയ്തു. സ്മൃതിയുടെ ചോദ്യം പോസ്റ്റുചെയ്തുകൊണ്ടാണ് ദിവ്യ മറുപടി നൽകിയത്.
ദിവ്യസ്പന്ദന
പ്രമുഖ തെന്നിന്ത്യൻ നടിയാണ് മുപ്പത്തഞ്ചുകാരിയായ ദിവ്യസ്പന്ദന.ബംഗളൂരു സ്വദേശിനിയാണ്. സിനിമയിൽ നിന്നാണ് രാഷ്ട്രീയത്തിലെത്തിയത്. 2003ൽ അഭി എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 2013 ൽ കർണ്ണാടകയിലെ മാണ്ഡ്യ ലോകസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു. പക്ഷേ, അടുത്തവർഷം നടന്ന പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 2017ൽ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ടീമിൽ ചേർന്നു. അടുത്തിടെ സോഷ്യൽമീഡിയ ടീമിന്റെ മേധാവിയായി. ഇപ്പോൾ സിനിമയിൽ അധികം സജീവമല്ല. അടുത്തവർഷം ഒരു ചിത്രത്തിൽ നായികയാകുമെന്ന് പറഞ്ഞുകേൾക്കുന്നുണ്ട്.
സ്മൃതി പറഞ്ഞത്
''സുപ്രീം കോടതി വിധിയിൽ അഭിപ്രായം പറയാൻ ഞാൻ ആരുമല്ല. ആരാധനക്കുള്ള അവകാശം എല്ലാവർക്കുമുണ്ട്, എന്നാൽ അശുദ്ധമാക്കാൻ ആർക്കും അവകാശമില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്.സമാന്യബോധം ഉണ്ടാകേണ്ട വിഷയമാണിത്. ആർത്തവരക്തത്തിൽ മുക്കിയ പാഡുമായി നിങ്ങൾ സുഹൃത്തിന്റെ വീട്ടിൽ പോകുമോ . പിന്നെന്തിനാണ് അതുമായി ദേവാലയത്തിൽ പോകുന്നത്. ഒരിക്കൽ അന്ധേരിയിലെ അഗ്നിക്ഷേത്രത്തിൽ പോയി. എന്റെ മകൻ അകത്തു കയറി തൊഴുതു പ്രാർത്ഥിച്ചു. ഞാൻ പുറത്തു നിന്നാണ് പ്രാർത്ഥിച്ചത്.