തിരുവനന്തപുരം: ആചാരം മുടങ്ങിയാൽ ശബരിമല നട അടച്ചിടാൻ തന്ത്രിക്ക് അധികാരമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ കേരള കൗമുദി ഫ്ലാഷിനോട് പറഞ്ഞു. നട അടച്ചാൽ നോട്ടീസ് പോലും നൽകാതെ തന്ത്രിയെ പിരിച്ചുവിട്ട് പകരം മറ്റൊരു തന്ത്രിയെ ദേവസ്വം ബോർഡിന് നിയമിക്കാനാവുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനുമായ എം.രാജഗോപാലൻ നായർ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.
അധികാരം തന്ത്രിക്ക്
ശബരിമലയിൽ മാത്രമല്ല എല്ലാ ക്ഷേത്രങ്ങളിലും സമ്പൂർണമായ അധികാരം തന്ത്രിമാർക്കാണ്. ക്ഷേത്രത്തിലെ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, പൂജാസംബന്ധമായ കാര്യങ്ങൾ ഇവയിലെല്ലാം അവസാനവാക്ക് തന്ത്രിയുടെതാണ്. നട എപ്പോൾ തുറക്കണം, എപ്പോൾ അടയ്ക്കണം, ശുദ്ധികലശം എപ്പോൾ നടത്തണം ഇവയെല്ലാം തീരുമാനിക്കേണ്ടത് തന്ത്രിയാണ്. വിശ്വാസപ്രകാരം താഴമൺ തന്ത്രികൾക്ക് പരശുരാമനാണ് താന്ത്രികാവകാശം നൽകിയത്. അത് പരമ്പരാഗതമായി കൈമാറുന്നതാണ്. തന്ത്രി ബ്രഹ്മചാരിയായാൽ അടുത്ത തലമുറ ഉണ്ടാവുന്നില്ല.
പൊലീസിന്റെ ഗൂഢാലോചന
നിലയ്ക്കലിൽ നടന്ന പ്രതിഷേധത്തിന്റെ പേര് പറഞ്ഞ് പൊലീസ് ചില നോട്ടീസുകൾ പുറപ്പെടുവിച്ചതായി അറിയുന്നു. അതിൽപെട്ട ഒരാൾ പത്തനംതിട്ട എ.ആർ ക്യാമ്പിലെ പൊലീസ് ഡ്രൈവറാണ്. അയാൾക്കെന്താണ് കാര്യം. ഇതന്വേഷിക്കണം. പൊലീസിന്റെ ഗൂഢാലോചനയാണ് നിലയ്ക്കലിൽ നടന്നത്. ഇത് ഒരു ജുഡീഷ്യൽ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ. ശബരിമലയിലേക്ക് മന:പൂർവം സ്ത്രീകളെ കൊണ്ടുവരാൻ നടത്തിയ ശ്രമവും അവർക്ക് പൊലീസ് ഷീൽഡ് നൽകിയതുമൊക്കെ അന്വേഷിക്കണം. അല്ലാതെ മന്ത്രിമാർ ഇങ്ങനെ വിടുവായത്തം പറഞ്ഞിട്ട് കാര്യമില്ല. എന്താണ് നടന്നതെന്ന് ജുഡീഷ്യൽ കമ്മിഷൻ പരിശോധിക്കട്ടെ. വസ്തുതകൾ പുറത്തുവരട്ടെ. ഞങ്ങൾ സഹകരിക്കാൻ തയ്യാറാണ്. അയ്യപ്പഭക്തർ സമാധാനപരമായാണ് പെരുമാറിയത്. വിധ്വംസക ശക്തികളാണ് അക്രമം ഉണ്ടാക്കിയത്. ഞങ്ങൾ ഒന്നിനെയും ഭയപ്പെടുന്നില്ല.
വെല്ലുവിളി അയ്യപ്പഭക്തർ ഏറ്രെടുക്കുന്നു
ശബരിമലയെ സംഘർഷ ഭൂമിയാക്കാനാണ് നീക്കം. 5000 പൊലീസുകാരെ വിന്യസിക്കുമെന്നാണ് പറയുന്നത്. റിവ്യൂ ഹർജി പരിഗണിക്കുന്നതിന് മുമ്പ് നവംബർ അഞ്ചിന് ഒരു ദിവസത്തേക്ക് ശബരിമല നടതുറക്കുമ്പോൾ യുവതീ പ്രവേശം സാദ്ധ്യമാക്കാനുള്ള സർക്കാരിന്റെ അജൻഡയാണ്. അതിനെ സർവ്വ ശക്തിയും ഉപയോഗിച്ച് ചെറുത്ത് തോല്പിക്കും. സമാധാനപരമായി അയ്യപ്പഭക്തർ ശരണ മന്ത്രങ്ങളോടെ അതിനെ നേരിടും. ആരുടെ മുമ്പിലും മുട്ടുമടക്കില്ല. തലകുനിക്കുന്നെങ്കിൽ അത് അയ്യപ്പ സ്വാമിക്ക് മുന്നിൽ മാത്രം.
നിയമ നിർമ്മാണം നടത്തണം
അയ്യപ്പ ഭക്തരുടെ വിശ്വാസത്തെ ഹനിച്ചുകൊണ്ട് ഒരു ഭരണഘടനാ സ്ഥാപനത്തിനും മുന്നോട്ട് പോകാൻ കഴിയില്ല. റിവ്യൂ ഹർജിയിൽ വിധി അനുകൂലമാവും എന്ന ഉറച്ച പ്രതീക്ഷയാണുള്ളത്. ഇല്ലെങ്കിൽ അത് മറികടക്കാൻ സംസ്ഥാന സർക്കാർ നിയമ നിർമ്മാണം നടത്തണം. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ കേന്ദ്രത്തോട് തേടണം. അഞ്ചുകോടി അയ്യപ്പഭക്തർ വരുന്ന ശബരിമല ക്ഷേത്രത്തെ സംഘർഷ ഭൂമിയാക്കാൻ ഞങ്ങൾക്ക് പറ്രില്ലെന്ന് സർക്കാർ പറയണം.
നീക്കം ചെറുത്തു തോല്പിക്കും
സി.പി.എമ്മിലെ ഒരു ഉന്നത നേതാവിന്റെ മകന് ശബരിമലയിൽ ക്ലീനിംഗ് ക്വട്ടേഷൻ നൽകിയിരിക്കുകയാണ്. നിരവധി താത്കാലിക ജീവനക്കാരെ നിയമിച്ച് അവിടെ വിന്യസിക്കാൻ നീക്കമുണ്ട്. അതിനെ സമാധാനപരമായി ഞങ്ങൾ ചെറുത്തുതോല്പിക്കും.