പാങ്ങോട്: ബസ് സ്റ്റാൻഡിനുള്ളിൽ നിർമ്മിച്ച പബ്ലിക് ടോയ്ലറ്റ്
തുറന്നു നൽകാൻ ഇനിയും നടപടിയായില്ല .ഐ.എസ്.ഒ അംഗീകാരം ലഭിച്ച പാങ്ങോട് പഞ്ചായത്ത് ഓഫീസിനടുത്തുള്ള പബ്ലിക് ടോയ്ലറ്റാണ് കറണ്ടില്ലെന്ന നിസാര കാരണം പറഞ്ഞ് വർഷങ്ങളായി പൂട്ടിയിട്ടിരിക്കുന്നത്. പാങ്ങോട് ടൗണിൽ പബ്ലിക് ടോയ്ലറ്റ് വേറെയില്ല. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് രണ്ട് ഘട്ടങ്ങളിലായി നാല് ലക്ഷം രൂപ മുടക്കിയാണ് പബ്ലിക് ടോയ്ലറ്റിന്റെ പണികൾ പൂർത്തിയാക്കിയത്. പഞ്ചായത്തിന് എെ.എസ്.ഒ അംഗീകാരം ലഭിക്കുന്നതിന് വേണ്ടിയുള്ള നവീകരണ പ്രവർത്തനങ്ങൾക്കായി അരക്കോടിയോളം രൂപ ടോയ്ലറ്റിനെ അവഗണിച്ചു. ദിനം പ്രതി നൂറ് കണക്കിന് യാത്രക്കാർ ബസ് സ്റ്റാൻഡിൽ എത്തുന്നുണ്ട്. സമീപത്തെ പഞ്ചായത്ത് ഓഫീസ്,കൃഷിഭവൻ ,വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ എത്തുന്നവരുടെ എണ്ണവും കുറവല്ല. പുതിയ വാഹനം വാങ്ങാനും പാർക്കിംഗിന് കോൺക്രീറ്റ് കെട്ടിടം നിർമിക്കാനും തടസങ്ങളില്ലെങ്കിലും പൂട്ടിയിട്ടിരിക്കുന്ന പബ്ലിക് ടോയ്ലറ്റ് തുറന്ന് നൽകാൻ മാത്രമാണ് തടസങ്ങളെന്ന് നാട്ടുകാർ പറയുന്നു. തുറക്കണമെന്ന് നാട്ടുകാർ പല തവണ പഞ്ചായത്ത് അധികൃതരോട് അവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഇതിനെതിരെ നാട്ടുകാർക്ക് കടുത്ത പ്രതിഷേധമാണുള്ളത്