കോവളം: വിഴിഞ്ഞം ചൊവ്വരയിൽ നിയന്ത്രണംവിട്ട സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് കുട്ടികളും ആയയും ഡ്രൈവറുമടക്കം 15 പേർക്ക് പരിക്കേറ്റു. വിദ്യാർത്ഥികളായ മിഥുൻ (11), മിഥുൽ (7), അനന്തു (10), അഞ്ജന (8), സജില (11), ഭദ്ര (8), അഞ്ജന (8), അഭിരാമി (9), തീർത്ഥ (5), മഹാദേവൻ (4), എബിൻ (8), മിഥുൻ (7), അബിൻ (10), ഡ്രൈവർ പെരിങ്ങമ്മല സ്വദേശി വിനീത് (38), ആയ മരുതൂർകോണം സ്വദേശി ഗിരിജ (45) എന്നിവർക്കാണ് പരിക്കേറ്റത്. കനാലിൽ വെള്ളമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
പരിക്കേറ്റ ഏഴ് കുട്ടികളെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കി കുട്ടികളും ഡ്രൈവറും ആയയുമടക്കമുള്ളവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച മിഥുന്റെ (11) കൈയ്‌ക്ക് ഗുരുതര പരിക്കുണ്ട്. മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ സ്‌കൂളിലെ വാഹനമാണ് ഇന്നലെ രാവിലെ എട്ടിന് അപകടത്തിൽപ്പെട്ടത്. എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസുവരെയുള്ള കുട്ടികൾ വാഹനത്തിലുണ്ടായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിൽ നിന്ന് ഏറെ പരിശ്രമിച്ചാണ് പരിക്കേറ്റ കുട്ടികളെ രക്ഷിച്ചത്. തുടർന്ന് പരിക്കേറ്റവരെ സ്വകാര്യ വാഹനങ്ങളിൽ ആശുപത്രിയിലെത്തിച്ചു. വിഴിഞ്ഞത്ത് നിന്ന് ഫയർഫോഴ്‌സ് യൂണിറ്റും പൊലീസുമെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
ഒരു വാഹനത്തിന് കഷ്ടിച്ച് പോകാവുന്ന ചൊവ്വര കാവുനട റോഡിലാണ് അപകടമുണ്ടായത്. റോഡ് വക്കിലെ മണ്ണ് ഇടിഞ്ഞതിനെ തുടർന്ന് നിയന്ത്രണംവിട്ട മിനി ബസ് തലകീഴായി മറിയുകയായിരുന്നു. തെക്കേക്കര കനാലിനോട് ചേർന്നുള്ള ബണ്ട് റോഡിൽ വർഷങ്ങളായി സംരക്ഷണ ഭിത്തിയില്ല. കൂടാതെ റോഡും കനാലും തിരിച്ചറിയാനാകാത്തവിധം കാടുകയറിയ നിലയിലുമാണ്. ഇതെല്ലാമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ഡ്രൈവർ വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചിരുന്നോയെന്നതും അന്വേഷിക്കും.
ബൈജു എൽ.എസ്. നായർ, വിഴിഞ്ഞം പൊലീസ് എസ്.എച്ച്.ഒ
തെക്കേക്കര കനാലിനോട് ചേർന്നുള്ള ബണ്ട് റോഡിൽ സംരക്ഷണ ഭിത്തിയും സുരക്ഷാവേലിയും നിർമ്മിക്കുന്നതിന് ഇറിഗേഷൻ വകുപ്പിന് പ്രൊപ്പോസൽ നൽകാൻ നടപടിയെടുക്കും. റോഡും കനാലും തിരിച്ചറിയാനാകാത്തവിധം വളർന്ന ചെടികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വൃത്തിയാക്കും.
സജി .ടി, കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്