നെയ്യാറ്റിൻകര: ഓർക്കാപ്പുറത്ത് കരണ്ട് കട്ട്, ചോതിച്ചാൽ പവർക്കട്ടാണെന്ന മറുപടി. എന്നാൽ നിശ്ചിതമായ കാലമോ സമയമോ ഈ പവർക്കട്ടിനില്ലെന്നുമാത്രം. അനധികൃതമായ പവർക്കട്ട് കാരണം പൊറുതിമുട്ടിയിരിക്കുകയാണ് നെയ്യാറ്റിൻകരയിലെ നാട്ടുകാർ. പകലും രാത്രിയുമായി മുപ്പതോളം പ്രാവശ്യമാണ് പവർക്കട്ട് ഉണ്ടാകുക. കഴിഞ്ഞ ആറ് മാസത്തോളമായി 66 കെ.വി സബസ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. ഇത് കാരണമാണ് ചില സ്ഥലങ്ങളിൽ വൈദ്യുത ബന്ധം വിഛേദിക്കാറുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ പലയിടത്തും കാലപ്പഴക്കം കാരണം ദ്രവിച്ച വൈദ്യുത കമ്പികളും ഫ്യൂസും കാറ്റിലും മഴയിലും തകരുന്നതാണ് മണിക്കൂറുകളോളം ഉള്ള വൈദ്യുത ബന്ധം തകരാറിലാകാൻ കാരണമെന്നാണ് നാട്ടുകാരുടെ പക്ഷം. ഇത്തരത്തിൽ രാത്രികാലങ്ങലിൽ വൈദ്യുതി നിലച്ചാൽ വൈദ്യുതി പിറ്റേന്ന് നോക്കിയാൽ മതി. രാത്രിമുഴുവൻ വെട്ടവും കാറ്രുമില്ലാതെ കുട്ടികളടക്കം നട്ടംതിരിയും. വൈദ്യുതി പോസ്റ്റിന് മുകളിലേക്ക് വീണുകിടക്കുന്ന വൃക്ഷ ശിഖരങ്ങളും വള്ളി പടർപ്പുകളും മുറിച്ച്മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ വൈദ്യുത ലൈൻ നന്നാക്കുന്നതിനിടെ നെയ്യാറ്റിൻകര ഇലക്ട്രിക്കൽ സെഷനിൽ മാത്രം ഇതേവരെ 4 ജീവനക്കാർക്ക് ജീവൻ നൽകേണ്ടി വന്നിട്ടുണ്ട്.

വെളിച്ചം കാണാത്ത വൈദ്യുത നവീകരണം

ടൗൺ പ്രദേശത്തെ 11കെ.വി ലൈൻ ഉൾപ്പടെയുള്ള ലൈനുകളും കട്ടിയുള്ള കേബിളിൽ പൊതിഞ്ഞ് റോഡരികിലെ കോൺക്രീറ്റ് പൈപ്പ് ലൈനിനുള്ളിൽ സ്ഥാപിക്കാനുള്ള പദ്ധതി പ്രോജക്ട് 1998ൽ അംഗീകാരത്തിനായി അയച്ചെങ്കിലും പദ്ധതി ഇതുവരെ വെളിച്ചം കണ്ടിട്ടില്ള. ഈ പദ്ധതി നടപ്പാക്കുന്നത് റിസ്കായതിനാൽ പദ്ധതി ഇപ്പോഴും ഇരുട്ടിൽതന്നെയാണ്.