thomas

തിരുവനന്തപുരം: കിഫ്ബി പദ്ധതികൾക്ക് ഇന്ത്യൻ കറൻസിയിൽ വിദേശത്തു നിന്ന് ഫണ്ട് സമാഹരിക്കുന്നതിന് ലണ്ടനിലും സിംഗപ്പൂരിലും മസാലബോണ്ട് പുറത്തിറക്കുമെന്ന് മന്ത്രി തോമസ് ഐസക് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 5000 കോടിയുടെ ബോണ്ടാണ് ലക്ഷ്യം. തുടക്കത്തിൽ 2600 കോടിയുടെ ബോണ്ട്‌ പുറത്തിറക്കും.

ഇന്ത്യൻ കറൻസിയിൽ വിദേശത്തു നിന്ന് ഫണ്ട് സമാഹരിക്കുന്നതാണ് മസാല ബോണ്ട്. 13,886.93 കോടിയുടെ ഏഴ് പുതിയ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് ഇന്നലെ കിഫ്ബി ബോർഡ് അംഗീകാരം നൽകി. ഇതോടെ ആകെ 45,828 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബിയുടെ അംഗീകാരമായി.

കണ്ണൂർ വിമാനത്താവളത്തിന്റെ സാദ്ധ്യത പ്രയോജനപ്പെടുത്താൻ വ്യവസായ പാർക്കിനും മറ്റ് വികസന പദ്ധതികൾക്കും 4896 ഏക്കറും പാലക്കാട്ട് 470 ഏക്കറും ഉൾപ്പെടെ 5366 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 13,886 കോടിയുടെ പദ്ധതിക്ക് അനുമതി നൽകി. എറണാകുളം സംയോജിത ജലഗതാഗത പദ്ധതിക്ക് 566 കോടിയും അനുവദിച്ചു.

നിലവിൽ 2642 കോടി രൂപയ്ക്കാണ് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചത്. നോർക്ക വെൽഫെയർ പദ്ധതി ആവിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതിലൂടെ ലഭിക്കുന്ന ഫണ്ട് കിഫ്ബിയിൽ ബോണ്ടായി നിക്ഷേപിക്കാം. റവന്യൂ മാതൃകയിലാണ് ഭൂമി ഏറ്രെടുക്കലിന് ഫണ്ട് നൽകുന്നത്. ഏറ്റെടുക്കുന്ന ഏജൻസികൾ ആ ഭൂമി വില്ക്കുമ്പോൾ കിഫ്ബിക്കു തിരികെ നൽകണം. കിഫ്ബി അനുവദിക്കുന്ന പദ്ധതികളുടെ മൂന്നിലൊന്നും ഇത്തരത്തിലുള്ളതാണെന്നും തോമസ് ഐസക് വ്യക്തമാക്കി. കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. എബ്രഹാമും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

#കെ.എസ്.ആർ.ടി.സിയോട് ഉദാര സമീപനം

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കിഫ്ബി വായ്പ നൽകാറില്ല. കേരളത്തിന്റെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യവികസനം എന്ന പരിഗണനയിലാണ് കെ.എസ്.ആർ.ടി.സിക്ക് വായ്പ നൽകുന്നത്. അത് തിരിച്ചടയ്ക്കണം. സർക്കാർ ബഡ്ജറ്രിലൂടെ ഗ്രാന്റ് നൽകും. കിഫ്ബിക്ക് അങ്ങനെ ചെയ്യാനാവില്ല.