homeo

തിരുവനന്തപുരം: സർക്കാരിന്റെയും നാഷണൽ റൂറൽ ഹെൽത്ത് മിഷന്റെയും മിക്ക ഹോമിയോ ഡിസ്പെൻസറികളിലും മരുന്നുകൾ എടുത്ത് നൽകാൻ ഫാർമസിസ്റ്രുകളില്ല.പലിടത്തും ഈ ജോലി ചെയ്യുന്നത് സ്വീപ്പറും അറ്റൻഡർമാരുമാണ്.ഡിസ്പെൻസറികളിൽ ഫാർമസിസ്റ്റിനെ നിയമിക്കേണ്ടത് പഞ്ചായത്തുകളോ കോർപറേഷനോ ആണ്. 400ൽ അധികം എൻ.ആർ.എച്ച്.എം ഡിസ്പെൻസറികളിൽ ഒരിടത്തും ഫാർമസിസ്റ്റിനെ നിയമിച്ചിട്ടില്ല. ഡോക്ടർ,​ ഫാർമസിസ്റ്റ്,​ അറ്റൻഡർ,​ സ്വീപ്പർ എന്നീ നാല് തസ്തികകളാണ് വേണ്ടത്. 96 സർക്കാർ ഹോമിയോ ഡിസ്പെൻസറികളിൽ ഡിസ്പെൻസർ തസ്തികയുണ്ട്. ഇതിനെ ഫാർമസിസ്റ്റ് തസ്തികയാക്കാൻ രണ്ട് വർഷം മുൻപ് കോടതി ഉത്തരവിട്ടിട്ടും സർക്കാർ അനങ്ങിയിട്ടില്ല. ഹോമിയോ ഫാർമസിസ്റ്റ് കോഴ്സ് പാസായ നിരവധി പേർ തൊഴിലില്ലാതെ നിൽക്കുമ്പോഴാണ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ ഈ ജോലി ചെയ്യുന്നത്. 2010 ൽ നിറുത്തിയ ഫാർമസിസ്റ്റ് കോഴ്സ് 2015 ലാണ് പുനഃരാരംഭിച്ചത്.

തിരുവനന്തപുരം ജില്ലയിലെ ആയുഷ് ഡിപ്പാർട്ട്മെന്റിന്റെയും ആരോഗ്യ വകുപ്പിന്റെയും കീഴിലെ മാറനല്ലൂർ എൻ.എച്ച്.എം ഹോമിയോ ഡിസ്പെൻസറി, ഒറ്റശേഖരമംഗലം എൻ.എച്ച്.എം ഹോമിയോ ഡിസ്പെൻസറി, എം.എൽ.എ ക്വാർട്ടേഴ്സിലെ ഹോമിയോ ക്ലിനിക്ക് എന്നിവിടങ്ങിളിൽ സർവീസിൽ നിന്ന് വിരമിച്ചവരാണ് ഫാർമസിസ്റ്റിന്റെ ജോലി ചെയ്യുന്നത്. എൻ.സി.പി / സി.സി.സി.പി യോഗ്യതയുള്ളവർക്കാണ് ഫാർമസിസ്റ്റാകാനാവുക.

 കോടതി പറഞ്ഞിട്ടും...

2016-17 സാമ്പത്തിക വർഷത്തിൽ സർക്കാർ ഡിസ്പെൻസറികളിലെ ഡിസ്പെൻസർ തസ്തിക ഫാർമസിസ്റ്റ് തസ്തികയാക്കാനും മൂന്നു ഘട്ടമായി 90 ഫാർമസിസ്റ്റുകളെ നിയമിക്കാനും കോടതി ഉത്തരവിട്ടിരുന്നു. വർഷം 2 കഴിഞ്ഞിട്ടും നടപടിയില്ല.

''ഡിസ്പെൻസർ തസ്തിക ഫാർമസിസ്റ്റ് തസ്തികയാക്കി അപ്ഗ്രേഡ് ചെയ്ത് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തണം. എൻ.ആർ.എച്ച്.എം ഡിസ്പെൻസറികളിൽ യോഗ്യതയുള്ളവരെ നിയോഗിക്കണം''

--ഹോമിയോ ഫാർമസിസ്റ്റ് കാൻഡിഡേറ്റ്സ് വെൽഫെയർ ഒാർഗനൈസേഷൻ

''സാമ്പത്തിക പ്രതിസന്ധി മൂലമാണ് കോടതി ഉത്തരവ് നടപ്പാക്കാനാവാത്തതെന്നാണ് ആരോഗ്യ മന്ത്രിയുടെ ഒാഫീസിന്റെ വിശദീകരണം. സാമ്പത്തിക നില മെച്ചപ്പെടുന്നതിനനുസരിച്ച് നടപടിയെടുക്കും''.

ഡോ. ജമുന

ഹോമിയോ ഡയറക്ടർ , തിരുവനന്തപുരം