തിരുവനന്തപുരം: ചെറുപ്രായത്തിൽ കുട്ടികളെ കണ്ടെത്തി ഫുട്ബാൾ പ്രതിഭകളെ വാർത്തെടുക്കാൻ വിദഗ്ധപരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെ 'കിക്ക് ഒഫ്' ഫുട്ബാൾ പരിശീലന പദ്ധതി കായികവകുപ്പ് തുടങ്ങുന്നു. സ്പോർട്സ്-യുവജനകാര്യ ഡയറക്ടറേറ്റിന് കീഴിലുള്ള യുവജന കായിക പരിശീലനകേന്ദ്രങ്ങൾ നടത്തി പത്ത് വർഷത്തിലധികം പരിചയമുള്ള സംഘടനകളുടെ സഹകരണത്തോടെ 14 ജില്ലകളിലും പരിശീലനകേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2007 ജനുവരി ഒന്നിനും 2008 ഡിസംബർ 31നുമിടയിൽ ജനിച്ച 25 ആൺകുട്ടികളെയാവും ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുക. 14 ജില്ലകളിലായി തിരഞ്ഞെടുത്ത 18 കേന്ദ്രങ്ങളിൽ ഈ വർഷം പരിശീലനം തുടങ്ങും. ആദ്യഘട്ടത്തിൽ കാസർകോട്ട് മുതൽ തൃശൂർ വരെയുള്ള എട്ട് കേന്ദ്രങ്ങളിലാകും പരിശീലനം.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 24ന് കല്യാശ്ശേരി കെ.പി.ആർ.ജി.എച്ച്.എസ്.എസിൽ നടക്കും. കിക്ക് ഒഫിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള രജിസ്ട്രേഷൻ www.sportskeralakickoff.org എന്ന വെബ്സൈറ്റിൽ ഇന്നലെ ആരംഭിച്ചു. ഈ മാസം 30വരെയാണ് രജിസ്ട്രേഷൻ സമയം. രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന വിദ്യാർത്ഥിക്ക് മൊബൈൽ ഫോണിൽ എസ്.എം.എസ് ആയി രജിസ്ട്രേഷൻ നമ്പർ ലഭിക്കും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് സംസ്ഥാനതലത്തിൽ വിദഗ്ധരുടെയും സ്കൂളുകളിൽ സ്ഥലം എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളുടെയും മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കും.
പദ്ധതിയിൽ:
വിദേശപരിശീലകരുടെ സാങ്കേതിക സഹായം, പരിശീലന മത്സരങ്ങൾ, കായികതാരങ്ങൾക്ക് സ്പോർട്സ് കിറ്റ്, ഭക്ഷണം.
ആഴ്ചയിൽ രണ്ട് ദിവസം ഒന്നര മണിക്കൂർ വീതം ശാസ്ത്രീയപരിശീലനം.
ജില്ല, വേദികൾ:
കോഴിക്കോട്- ജി.എച്ച്.എസ്.എസ് പായമ്പ്ര, കുറുവത്തൂർ
കാസർകോട്- ജി.എഫ്.എച്ച്.എസ്.എസ് പടന്ന, കടപ്പുറം
തൃശൂർ- ജി.എച്ച്.എസ്.എസ് എരുമപ്പെട്ടി
കണ്ണൂർ- കെ.പി.ആർ.എം.ജി.എച്ച്.എസ്.എസ് കല്യാശ്ശേരി, കെ.എച്ച്.എസ്.എസ് കൂടാളി
പാലക്കാട്- ജി.എച്ച്.എസ്.എസ് പട്ടാമ്പി
മലപ്പുറം- ജി.ആർ.എച്ച്.എസ്.എസ് കോട്ടയ്ക്കൽ
വയനാട്- ജി.എച്ച്.എസ്.എസ് പനമരം
കായിക ഭവൻ:
സ്പോർട്സ് കൗൺസിൽ, കായിക യുവജന കാര്യാലയം, വിവിധ സ്പോർട്സ് അസോസിയേഷനുകൾ എന്നിവ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ അത്യാധുനിക സൗകര്യത്തോടെ കായികഭവൻ നിർമ്മിക്കുമെന്ന് മന്ത്രി അറിയിച്ചു. വിവിധ ഓഫീസുകൾ, പരിശീലനസൗകര്യങ്ങൾ, താമസസൗകര്യം,കോൺഫറൻസ് ഹാളുകൾ എന്നിവയാണ് വിഭാവനം ചെയ്യുന്നത്.
കായികമേഖലയിൽ അടിസ്ഥാനസൗകര്യ വികസനത്തിന് 700കോടി നീക്കിവച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തി 57 സ്റ്റേഡിയങ്ങൾ നവീകരിക്കും. 34 സ്റ്റേഡിയങ്ങൾക്ക് ഭരണാനുമതിയായി.
പിണറായി സ്വിമ്മിംഗ് പൂൾ നവംബർ 3ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ധർമ്മടം അബു ചാത്തുക്കുട്ടി സ്റ്റേഡിയം, കൂത്തുപറമ്പ് മുനിസിപ്പൽ സ്റ്റേഡിയം എന്നിവയുടെ ഉദ്ഘാടനം നവംബർ 6ന് നടക്കും. പൊതുവിദ്യാഭ്യാസവകുപ്പിൽ നിന്നേറ്റെടുത്ത ജി.വി. രാജ സ്പോർട്സ് സ്കൂളും കണ്ണൂർ സ്പോർട്സ് ഡിവിഷനും അന്തർദ്ദേശീയ നിലവാരത്തിലേക്കുയർത്തും.
കേരള പൊലീസിൽ 11 കായികഇനങ്ങളിൽ ടീമുകളുണ്ടാക്കാൻ 149 ഹവിൽദാർ തസ്തികകൾ അനുവദിച്ചു. പൊതുമേഖലാസ്ഥാപനങ്ങൾക്ക് കീഴിലെ ടീമുകളും സജീവമാക്കും. എല്ലാ വിദ്യാലയങ്ങളിലും യോഗ പരിശീലനം ആരംഭിക്കും. വിദ്യാഭ്യാസവകുപ്പുമായി ആലോചിച്ച് പരിശീലകരെ ലഭ്യമാക്കാൻ സംവിധാനമൊരുക്കും.