വസ്തു പണയംവച്ച് സാധാരണക്കാർ ബാങ്കിൽനിന്ന് വായ്പയെടുക്കുന്നത് അത്യാവശ്യകാര്യങ്ങൾക്കുവേണ്ടിയാകും. ഇത്തരത്തിൽ എടുക്കുന്ന വായ്പയ്ക്ക് ബാങ്കുകൾ നിശ്ചയിക്കുന്ന പലിശ നൽകണം. അതോടൊപ്പം തന്നെ സംസ്ഥാന സർക്കാരിന്റെ രജിസ്ട്രേഷൻ വകുപ്പിനും നൽകേണ്ടിവരും നല്ലൊരു തുക. പണയാധാരം രജിസ്റ്റർ ചെയ്യുന്നതിന് മാത്രമല്ല വായ്പ മുഴുവൻ തിരിച്ചടച്ച് ആധാരം തിരികെയെടുക്കുന്ന സമയത്തും വേണം നല്ലൊരു തുക. പണയം രജിസ്റ്റർ ചെയ്യുമ്പോൾ 0.1 ശതമാനമാണ് ഫീസെങ്കിൽ ഒഴിമുറിക്ക് അത് രണ്ടുശതമാനമാണ്. വായ്പത്തുക കൂടുന്തോറും രജിസ്ട്രേഷൻ ഫീസും ഉയർന്നുകൊണ്ടിരിക്കും. പത്തുലക്ഷം രൂപയുടെ വായ്പയാണെങ്കിൽ വായ്പ ലഭിക്കുന്ന സമയത്ത് ഫീസായി ആയിരം രൂപ മതിയാകും. എന്നാൽ ഒഴിമുറിക്ക് ഇൗടാക്കുന്നത് ഇരുപതിനായിരം രൂപയാണ്. ബാധകമായ നികുതി ഇതിന് പുറമെയാണ്. ചുരുക്കത്തിൽ വായ്പ എടുത്തതിന്റെ പേരിൽ വലിയ ധനനഷ്ടം സഹിക്കേണ്ടിവരികയാണ്. സർക്കാരിന് രജിസ്ട്രേഷൻ വകുപ്പ് മുഖാന്തരം വരുമാനം വർദ്ധിക്കുമെങ്കിലും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ ബാദ്ധ്യതയായി മാറുകയാണിത്. കാലഹരണപ്പെട്ട നിയമങ്ങൾ മനുഷ്യർക്ക് ഉപദ്രവമാകുന്നതുപോലെ സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തുന്ന വിവിധ ഫീസ് നിർണയത്തിലും ധാരാളം അപാകതകൾ കാണാം. അക്കൂട്ടത്തിലൊന്നാണ് പണയ രജിസ്ട്രേഷൻ ഫീസ്. ഇൗ വിഷയത്തിൽ സർക്കാരിന് വീണ്ടുവിചാരമുണ്ടായത് നന്നായി. പണയാധാര രജിസ്ട്രേഷന് ഇനി ഒരേ നിരക്കിൽ ഫീസ് ഇൗടാക്കിയാൽ മതിയെന്ന് കഴിഞ്ഞദിവസം മന്ത്രിസഭായോഗം തീരുമാനമെടുത്തിരിക്കുകയാണ്. അതായത് പണയം രജിസ്റ്റർ ചെയ്യുമ്പോഴും ഒഴിമുറിയുടെ ഘട്ടത്തിലും ഫീസ് 0.1 ശതമാനമായി ഏകീകരിക്കാനാണ് തീരുമാനം. മാറ്റം ഉടനടി പ്രാബല്യത്തിൽ വരുത്താനും തീരുമാനമായിട്ടുണ്ട്. വസ്തുക്കളോ വീടോ പണയംവച്ച് വായ്പ എടുക്കുന്നവർക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനമാണിതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.
ബ്രിട്ടീഷുകാരുടെ കാലത്ത് നിലവിൽ വന്ന രജിസ്ട്രേഷൻ നിയമത്തിൽ കാലാനുസൃതമായ പരിഷ്കാരങ്ങൾ പലതും വന്നിട്ടുണ്ടെങ്കിലും ജനങ്ങൾക്ക് ദ്രോഹകരമായ ഒട്ടേറെ വകുപ്പുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സർക്കാർ ഇടയ്ക്കിടെ നിയമത്തിൽ ഭേദഗതിവരുത്തുന്നത് വരുമാന വർദ്ധന മാത്രം ലക്ഷ്യമിട്ടാണ്. ഒരിടയ്ക്ക് സഹകരണ ബാങ്കുകളിൽ നിന്നുള്ള വായ്പകൾക്കും ഉയർന്ന രജിസ്ട്രേഷൻ ഫീസ് ചുമത്തിയിരുന്നു. ജനങ്ങളിൽനിന്ന് വ്യാപകമായ പരാതികൾ ഉയർന്നതോടെയാണ് അത് കുറച്ചതും നടപടികൾ ലളിതമാക്കിയതും. ഇൗടായി നൽകുന്ന വസ്തുക്കൾ ബാങ്കുകളുടെ അധീനതയിലിരിക്കെ അതിന്റെ ഒഴിമുറിക്കായി വലിയ തുക ഇൗടാക്കുന്നത് അന്യായമാണ്. വട്ടിപ്പലിശക്കാരാണ് സാധാരണ ഇത്തരത്തിൽ പല ഇനങ്ങളിലായി വായ്പത്തുകയിൽ നിന്ന് നല്ലൊരു ഭാഗം അടിച്ചുമാറ്റാറുള്ളത് ബാങ്കിൽ നിന്നെടുക്കുന്ന തുകയ്ക്ക് കൃത്യമായി മുതലും പലിശയും വായ്പക്കാരൻ അടച്ചശേഷവും ശിക്ഷയെന്ന നിലയിൽ ഒഴിമുറിക്ക് രണ്ട് ശതമാനം ഫീസ് ചുമത്തുന്നതിലെ അധാർമ്മികത നിലനിൽക്കുകയായിരുന്നു.
ഗത്യന്തരമില്ലാതെ ആളുകൾ വട്ടിപ്പലിശക്കാരെ ആശ്രയിക്കേണ്ടിവരുന്നതിന് പിന്നിൽ ബാങ്കുകളുടെയും സർക്കാരിന്റെയും നടപടിക്രമങ്ങളിലെ നൂലാമാലകളാണ്. വസ്തു പണയപ്പെടുത്തി വായ്പ ലഭിക്കാൻ തന്നെ അത്യദ്ധ്വാനം വേണം അതിനൊപ്പമാണ് വായ്പയുടെ ഒരു പങ്ക് സർവീസ് ചാർജായും രജിസ്ട്രേഷൻ ഫീസായും മറ്റും പങ്കുവയ്ക്കേണ്ടിവരുന്നത്.
മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് രജിസ്ട്രേഷൻ ഫീസ് കേരളത്തിൽ ഇപ്പോഴും ഉയർന്ന തോതിലാണ്. രാജ്യമൊട്ടാകെ ഇത് ഏകീകരിച്ച് അഞ്ചുശതമാനമായി നിജപ്പെടുത്തണമെന്ന് നിർദ്ദേശം ഉയർന്നതാണ് വരുമാനം കുറയുമെന്ന് ഭയന്ന് സംസ്ഥാനം ആദ്യംതൊട്ടേ ഇൗ നിർദ്ദേശത്തിന് എതിരാണ്. വസ്തുവിന്റെ ന്യായവില ഉയർത്തിയ പശ്ചാത്തലത്തിൽ രജിസ്ട്രേഷൻ ഫീസ് ന്യായമായ നിലയിൽ താഴ്ത്തിക്കൊണ്ടുവരാവുന്നതേയുള്ളൂ. ഇടത്തരക്കാരെയും പാവപ്പെട്ടവരെയും സംബന്ധിച്ചിടത്തോളം ഒരുതുണ്ട് ഭൂമി സ്വന്തമാക്കണമെങ്കിൽ ഭാരിച്ച ചെലവാണ് രജിസ്ട്രേഷനായി നൽകേണ്ടിവരുന്നത്. നഗരപ്രദേശങ്ങളാണെങ്കിൽ പറയുകയും വേണ്ട. ഭൂമിവില റോക്കറ്റ് വേഗത്തിൽ കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ രജിസ്ട്രേഷൻ ചെലവ് യുക്തിസഹമായ നിലയിൽ പരിഷ്കരിക്കേണ്ടത് ആവശ്യമായി വന്നിട്ടുണ്ട്.