ബ്രസൽസ്: കള്ളന്മാരാണെങ്കിൽ മിനിമം ബുദ്ധിയെങ്കിലും വേണം. അല്ലെങ്കിൽ ദാ ഇങ്ങനെയിരിക്കും.കടയുടമയുടെ വാക്കുവിശ്വസിച്ച തിരുമണ്ടന്മാരായ ആറുകള്ളന്മാർ ഇപ്പോൾ ഉണ്ടതിന്നുകയാണ്. ബെൽജിയത്തിലാണ് സംഭവം.
നഗരത്തിലെ ഒരു സിഗരറ്റ്ഷോപ്പിലാണ് മൂന്നുമണിയോടെ ആറുംപേരുംചേർന്ന് മോഷണത്തിനെത്തിയത്. ആയുധങ്ങളുമായി എത്തിയ കള്ളന്മാരെകണ്ട് പേടിച്ചെങ്കിലും ഒരു നമ്പരിറക്കാൻ തന്നെ ഉടമ തീരുമാനിച്ചു. ഇപ്പോൾ കച്ചവടം തീരെക്കുറഞ്ഞ സമയമാണെന്നും പണം വളരെക്കുറച്ചേ കടയിലുള്ളൂ എന്നു പറഞ്ഞ വൈകുന്നേരം കടയിലെത്തിയാൽ പണം തരാമെന്നും കള്ളന്മാരോട് പറഞ്ഞു. ഉടമയുടെ വാക്കുകൾ അപ്പടി വിശ്വസിച്ച് കള്ളന്മാർ തിരികെപ്പോയി. കടയുടമ വിവരം പൊലീസിനെ അറിയിച്ചു. കള്ളന്മാർ ഒരിക്കലും തിരിച്ചുവരില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്. പക്ഷെ, 5.30 ആയപ്പോഴേക്കും കള്ളന്മാർ വീണ്ടും വന്നു. ഒന്നുവിയർത്തെങ്കിലും ആദ്യമിറക്കിയ നമ്പർതന്നെ ഒന്നുകൂടി പയറ്റിനോക്കാൻ കടയുടമ തീരുമാനിച്ചു. ഇപ്പോഴും വളരെ കുറച്ച് പണമേ കയ്യിലുള്ളൂ. 5.30 അല്ല, 6.30 ന് എത്താനാണ് പറഞ്ഞത്. അപ്പോഴെത്തുകയാണെങ്കിൽ കൂടുതൽ പണം നൽകാം എന്നും പറഞ്ഞു. കള്ളന്മാർ അതും വിശ്വസിച്ച് തിരികെപ്പോയി. പൊലീസിനെ അറിയിച്ചെങ്കിലും അവർ ഇതൊന്നും വിശ്വസിച്ചില്ല. എന്തായാലും പരീക്ഷിച്ചുനോക്കാനുറച്ച പൊലീസ് വേഷംമാറി കടയിലെത്തി. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് 6.30ന് കള്ളന്മാർ ആറുപേരും ഹാജരായി. പൊലീസുകാർ ഉടൻതന്നെ ആറുപേരെയും പൊക്കി അകത്താക്കി.