c

തിരുവനന്തപുരം:ശ്രീചിത്തിരതിരുനാൾ ട്രസ്റ്റിന്റെ ഈ വർഷത്തെ ചിത്തിര തിരുനാൾ പുരസ്‌കാരത്തിന് മുൻ ചീഫ് സെക്രട്ടറിയും ഐ.എം.ജി.ഡയറക്ടറും കവിയും ഗാനരചയിതാവുമായ കെ.ജയകുമാർ അർഹനായി.രണ്ട് ലക്ഷം രൂപയും പ്രശംസാഫലകവുമാണ് പുരസ്‌കാരം.

വൈസ് ചാൻസലർ,ശബരിമല ദേവസ്വം സ്പെഷ്യൽ കമ്മിഷണർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ച കെ.ജയകുമാർ മലയാള സിനിമയ്ക്കും സാഹിത്യത്തിനും നൽകിയ വിലപ്പെട്ട സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ട്രസ്റ്റ് ചെയർമാൻ ഡോ.ടി.പി.ശ്രീനിവാസൻ,‌ഡോ.ജോർജ് ഒാണക്കൂർ,മാനേജിംഗ് ട്രസ്റ്റി ടി.സതീഷ് കുമാർ,ചിത്തിരതിരുനാൾ സ്‌കൂൾ പ്രിൻസിപ്പൽ എസ്.പുഷ്പവല്ലി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നവംബർ ഏഴിന് വൈകിട്ട് 5 മണിക്ക് മസ്ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് പുരസ്കാരം സമ്മാനിക്കും. നടി ശാരദ സമ്മേളനം ഉദ്ഘാടനം ചെയ്യും.ടി.പി.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിക്കും. കെ.ജയകുമാർ രചിച്ച സിനിമാ ഗാനങ്ങൾ ഉൾപ്പെടുത്തി സംഗീത സന്ധ്യ നടക്കും.