sidhu
സിദ്ധാർത്ഥ് ഗംഗയ്‌ക്കൊപ്പം

തിരുവനന്തപുരം: ജഗതിയിലെ ബധിര വിദ്യാലയം ഇന്നലെ ഒരു യാത്രഅയപ്പ് ഒരുക്കി. അഞ്ചു വയസുകാരൻ സിദ്ധാർത്ഥിന് വേണ്ടി കൂട്ടുകാരും അദ്ധ്യാപകരും മിഠായിയും കളിപ്പാട്ടവുമൊക്കെ കരുതിയിട്ടുണ്ട്. പക്ഷേ അതിലൊന്നുമല്ല അവന്റെ ശ്രദ്ധ. പ്രിയ കൂട്ടുകാരി ഗംഗയുടെ കൈപിടിച്ച് അവൻ പതിവുപോലെ പാറി നടന്നു. ആയിരം കാതമകലെ ചെല്ലുകയാണെന്നും അടുത്തെങ്ങും സ്‌കൂളിലേക്ക് ഒരു തിരിച്ചുവരവുണ്ടാകില്ലെന്നും അറിയാതെ...

ജനിച്ച് രണ്ട് മാസത്തിനുള്ളിൽ മാതാപിതാക്കൾ തെരുവിലുപേക്ഷിച്ചതാണ് സിദ്ധാർത്ഥിനെ. ശിശുക്ഷേമ സമിതിയുടെ സ്നേഹത്തണലിൽ നിന്ന് ഫ്രാൻസിലെ ദമ്പതികൾക്കൊപ്പം അവൻ ഉടൻ പറക്കും.

2013 മാർച്ച് 11നു വെളുപ്പിനാണ് ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ കുഞ്ഞിനെ കിട്ടുന്നത്. സിദ്ധാർത്ഥ് എന്ന് പേരിട്ട് അവനെ വളർത്തി. ശബ്ദങ്ങളോട് പ്രതികരിക്കാത്തതിനാൽ അധികൃതർ നടത്തിയ മെഡിക്കൽ പരിശോധനയിൽ അവന് കേൾവി ശക്തിയില്ലെന്ന് കണ്ടെത്തി.

കുട്ടികളെ ദത്തെടുക്കാൻ ആഗ്രഹവുമായി 2015ൽ ശിശുക്ഷേമ സമിതിയിലെത്തിയ ഫ്രഞ്ച് ദമ്പതികൾക്ക് സിദ്ധാർത്ഥിനെ ഇഷ്ടമായി. ബധിരനാണെന്ന് അറിയിച്ചിട്ടും അവനെ മതിയെന്നായി. ദത്തെടുക്കൽ നടപടി ക്രമങ്ങൾ അടുത്തിടെ പൂർത്തിയായി. ഇനി ദമ്പതികൾക്ക് സിദ്ധാർത്ഥിനെ കൊണ്ടുപോകാം. ഒരാഴ്ചയ്ക്കുള്ളിൽ എത്തുമെന്ന് അവരുടെ അറിയിപ്പ് കഴിഞ്ഞ ദിവസം വന്നു.

yatra
ജഗതിയിലെ ബധിര വിദ്യാലയത്തിൽ നടന്ന യാത്രയയപ്പ്

ആംഗ്യഭാഷയിൽ ആശയവിനിമയത്തിന് പ്രാപ്തനാക്കാനാണ് മൂന്നര വയസുള്ളപ്പോൾ ജഗതിയിലെ ബധിര വിദ്യാലയത്തിൽ സിദ്ധാർത്ഥിനെ ചേർത്തത്. ഗംഗയെ ഉറ്റ തോഴിയായി കിട്ടുകയും ചെയ്തു. ഗംഗയ്‌ക്കൊപ്പം എന്നും സ്‌കൂളിലെത്തുന്ന അമ്മ സിദ്ധാർത്ഥിനും അമ്മയായി. ഇനി കടൽ കടന്നെത്തും പുതിയ അച്ഛനുമമ്മയും. പുതിയ രക്ഷിതാക്കളെപ്പറ്റി അവനെ പറഞ്ഞ് മനസിലാക്കിക്കാനുള്ള ശ്രമത്തിലാണ് സമിതിയിലെ ജീവനക്കാർ. ഗംഗയെ സമാധാനിപ്പിക്കാനുള്ള ശ്രമത്തിൽ ബധിര വിദ്യാലയം അദ്ധ്യാപകരും.