ചിറയിൻകീഴ്: കാർഷിക സംസ്‌കൃതി വീണ്ടെടുക്കുക,ഭക്ഷ്യ സ്വയം പര്യാപ്‌തത കൈവരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മേൽകടയ്ക്കാവൂർ പഴഞ്ചിറ പാടശേഖരത്ത് കൃഷിയിറക്കൽ ആരംഭിച്ചു. വർഷങ്ങളായി തരിശായിക്കിടന്ന പാടത്താണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. പാടത്തിലേയ്ക്കുള്ള ജലവിതരണ സംവിധാനത്തിനായി തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് രണ്ട് തോടുകൾ ശുചീകരിച്ചു. കൃഷിയിറക്കലിന്റെ ഉദ്ഘാടനം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന നിർവഹിച്ചു. ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി.ചന്ദ്രശേഖരൻ നായർ, മിൽകോ പ്രസിഡന്റ് പഞ്ചമം സുരേഷ്, പഞ്ചായത്തംഗങ്ങളായ എസ്.ശ്രീലത, സജ്നാദേവി, സഫീദ, മുൻ പഞ്ചായത്തംഗം മിനിദാസ് തുടങ്ങിയവർ പങ്കെടുത്തു. ചിറയിൻകീഴ് സർവീസ് സഹകരണ സംഘവും മേൽകടയ്‌ക്കാവൂർ ക്ഷീരവ്യവസായ സഹകരണ സംഘവും സംയുക്തമായാണ് മേൽനോട്ടം വഹിക്കുന്നത്.