പാലോട് : പനി ബാധിച്ച് ചികിത്സ കിട്ടാതെ രണ്ടുമാസത്തിനിടെ 19ഉം 17ഉം വയസുള്ള ആദിവാസി സഹോദരിമാർ മരിച്ചു. മൂത്തയാൾ മരിച്ച് 57-ാം ദിവസമാണ് ഇളയ സഹോദരി മരിച്ചത്. പെരിങ്ങമ്മല ഇടിഞ്ഞാർ വിട്ടിക്കാവ് ട്രൈബൽ സെറ്റിൽമെന്റിൽ കിടാരക്കുഴി ബാലചന്ദ്രൻകാണിയുടെയും മോളിയുടെയും മകൾ ദീപാചന്ദ്രനാണ് ഇന്നലെ മരിച്ചത്. മൂത്തകുട്ടി ദിവ്യാചന്ദ്രൻ സെപ്‌തംബർ 5ന് മരിച്ചിരുന്നു. ഒരാഴ്‌ച മുമ്പാണ് ദീപയ്‌ക്ക് പനി പിടിച്ചത്. ഇന്നലെ ഉച്ചയോടെ പാലോട് സർക്കാർ ആശുപത്രിയിൽ എത്തിയെങ്കിലും ഡോക്‌ടർ ഇല്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേയ്‌ക്ക് റഫർ ചെയ്‌തു. ആശുപത്രിയിലെത്തും മുമ്പ് ദീപ മരിച്ചു. വിതുര ഗവണ്മെന്റ് വി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു. ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പട്ടു. നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളും ആരോഗ്യപ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ബി.ജെ.പി പ്രവർത്തകർ ഇടപെട്ട് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വിദ്യാചന്ദ്രൻ സഹോദരിയാണ്.