തിരുവനന്തപുരം:സ്ഥലമെടുപ്പിൽ കുടുങ്ങി നിശ്ചലമായിരുന്ന തീരദേശപാതയ്ക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. സ്ഥലം ഏറ്രെടുക്കാൻ പണം നൽകില്ലെന്ന കിഫ്ബിയുടെ നിലപാടിൽ അയവുവരുത്തി.പുനരധിവാസമടക്കമുള്ള നടപടികൾ സ്വീകരിക്കാനും ധാരണയായിട്ടുണ്ട്. 2022-ൽ തീരദേശഹൈവേ പൂർത്തിയാക്കുമെന്ന് ഇന്നലത്തെ ബോർഡ് യോഗത്തിന് ശേഷം കിഫ്ബി സി.ഇ.ഒ ഡോ.കെ.എം.എബ്രഹാം വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയിലെ പൂവാർ മുതൽ കാസർകോട് ജില്ലയിൽ കേരള -കർണാടക അതിർത്തിയായ തലപ്പാടി വരെ 680 കിലോമീറ്റർ ദൈർഘ്യത്തിലുള്ള പാതയ്ക്ക് 6500 കോടിയാണ് ചിലവ് കണക്കാക്കിയിട്ടുള്ളത്. ഒമ്പതു ജില്ലകളിലൂടെ കടന്നുപോകുന്ന പാത പൂർത്തിയായാൽ സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന് ഏറെ ഗുണകരമാവും. പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതികളിലൊന്നാണിത്.സ്ഥലം ലഭ്യമാവുന്നിടത്ത് 12 മീറ്രർ വീതിയിലും പരിമിതിയുള്ള ഭാഗത്ത് എട്ടു മീറ്ററിലും നിർമിക്കാനായിരുന്നു പദ്ധതി.നാറ്റ്പാക്കാണ് റിപ്പോർട്ട് തയ്യാറാക്കിയത്. നിലവിലുള്ള റോഡുകൾ വികസിപ്പിക്കുകയും മതിയായ കണക്റ്റിവിറ്റി റോഡുകൾ നിർമിക്കുകയും ചെയ്ത് ഹൈവേ ആക്കും.
എന്നാൽ പാതയ്ക്ക് രണ്ട് മീറ്റർ സൈക്കിൾ ട്രാക്ക് ഉൾപ്പെടെ 14 മീറ്രർ വീതിവേണമെന്ന കടുത്ത നിലപാട് കിഫ്ബി സ്വീകരിച്ചതോടെയാണ് ഇതിന്റെ പ്രവർത്തനങ്ങൾ നിശ്ചലമായത്.മാത്രമല്ല പണം നൽകി സ്ഥലം ഏറ്റെടുക്കില്ലെന്നും അവർ വ്യക്തമാക്കി. തീരദേശത്ത് പല ഭാഗത്തും ഇത് സാദ്ധ്യമാവില്ലെന്ന് പൊതുമരാമത്തുവകുപ്പും അറിയിച്ചു.രണ്ട് റീച്ചുകളുടെ വിശദമായ പദ്ധതി റിപ്പോർട്ട് കിഫ്ബിയ്ക്ക് നൽകിയെങ്കിലും അംഗീകാരം കിട്ടിയില്ല. പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും കിഫ്ബി സി.ഇ.ഒയും നടത്തിയ ചർച്ചയിലാണ് പദ്ധതി പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചത്.
പാത കടന്നു പോകുന്ന ജില്ലകളിലെ 44 നിയോജക മണ്ഡലങ്ങളിലെ എം.എൽ.എ മാരുടെ യോഗം വിളിച്ച് മന്ത്രി സുധാകരൻ ചർച്ച നടത്തി.ജനപ്രതിനിധികളുടെ സഹകരണത്തോടെ സ്ഥലമെടുപ്പ് ഊർജ്ജിതമാക്കാനാണ് തീരുമാനം. മൂന്ന് തലങ്ങളിലായി പദ്ധതി നടത്താനാണ് കിഫ്ബിയുടെ ധാരണ.
യോഗത്തിൽ ധാരണയായത്
* സ്ഥലം ലഭ്യമായ ഭാഗത്ത് നിർമാണം തുടങ്ങുക.(40 കിലോമീറ്ററോളം കണ്ടെത്തി)
* ന്യായമായ വിലനൽകി സ്ഥലം ഏറ്റെടുക്കുക.
* ജനപ്രതിനിധികളുടെ സഹകരണത്തോടെ ഒഴിപ്പിക്കൽ നടത്തുക.ഒഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കാനും സംവിധാനം വേണം.ഇതിന് ബോധവത്കരണം നടത്തുക.
* സ്ഥലം തീരെ ഇല്ലാത്തഭാഗത്ത് പാത തിരിച്ചു വിടുകയോ ഫ്ളൈഓവർ തീർക്കുകയോ ചെയ്യുക.
#വിട്ടുവീഴ്ച കാട്ടിയില്ല, പാഴായത് രണ്ട് വർഷം:മന്ത്രി ജി.സുധാകരൻ
റോഡിന്റെ വീതിയുടെ കാര്യത്തിൽ വിട്ടുവീഴ്ച കാട്ടിയിരുന്നെങ്കിൽ രണ്ട് വർഷം പാഴാവില്ലായിരുന്നു.തീരദേശത്ത് പല ഭാഗത്തും സ്ഥലം കിട്ടുക പ്രയാസമാണ്.യഥാർത്ഥത്തിൽ പാതയ്ക്ക് എട്ടുമുതൽ 10 മീറ്റർ വരെ വീതി മതിയാവും.അങ്ങനെയെങ്കിൽ ആകെയുള്ള 17 റീച്ചുകളിൽ 12 എണ്ണത്തിന്റെ പണി തുടങ്ങാമായിരുന്നു.