ആറ്റിങ്ങൽ: വലിയകുന്ന് താലൂക്കാശുപത്രിയിൽ അക്രമം നടത്തിയവരെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇന്നലെയും ഡോക്ടർമാർ പണിമുടക്കി. മറ്റ് ജീവനക്കാരും സമരത്തിൽ പങ്കെടുത്തതോടെ ആശുപത്രിയുടെ പ്രവർത്തനം നിലച്ചു. ഇതോടെ ചികിത്സതേടിയെത്തിയ നിരവധി പേർ മടങ്ങിപ്പോയി. രോഗികൾ അവശരായി തളർന്നു വീണത് സംഘർഷത്തിൽ കലാശിച്ചു. ആശുപത്രിയിൽ അക്രമം നടത്തിയവരെയും ഡോക്ടറെയും നഴ്‌സിനെയും ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയ കൗൺസിലറെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. ചെയർമാന്റെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയെത്തുടർന്ന് രാവിലെ 11 ന് സമരം അവസാനിച്ചു.
തിങ്കളാഴ്ച രാത്രി ഒമ്പതിന് ചിലർ പരിശോധനാമുറിയിൽ കടന്നുകയറി കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ഡോക്ടർ ബിന്ദുധരൻ പരാതിപ്പെട്ടിരുന്നു. കൗൺസിലർ അവനവഞ്ചേരി രാജു ഫോൺ വിളിച്ച് ഡോക്ടറോടും നഴ്‌സിനോടും അപമര്യാദയായി സംസാരിച്ചെന്നും പരാതിൽ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ ഡോക്‌ടർമാർ ഒ.പി ബഹിഷ്‌കരിച്ച് മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. നഗരസാ ചെയർമാന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചതിനെത്തുടർന്നാണ് സമരം അവസാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത്‌കോൺഗ്രസ് നേതാവ് കിരൺ കൊല്ലമ്പുഴയെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമമുണ്ടാക്കിയ മറ്റ് രണ്ടുപേർക്കെതിരെയും ഫോൺ വിളിച്ച അവനവഞ്ചേരി രാജുവിനെതിരെയും നടപടിയുണ്ടായില്ലെന്നാരോപിച്ചാണ് ഡോക്ടർമാർ ഇന്നലെ സമരം നടത്തിയത്. തുടർന്ന് നഗരസഭാ ചെയർമാനും ആരോപണവിധേയനായ അവനവഞ്ചേരിരാജുവും സ്ഥലത്തെത്തി ജീവനക്കാരുമായി ചർച്ചനടത്തി. നഗരസഭാ പ്രതിപക്ഷനേതാവ് എം. അനിൽകുമാർ, കോൺഗ്രസ് അംഗങ്ങളായ ആർ.എസ്. പ്രശാന്ത്, പ്രിൻസ്‌രാജ് എന്നിവരും സ്ഥലത്തെത്തിയതോടെ ചർച്ച പ്രതിഷേധത്തിലെത്തി. ഒരാളെ അറസ്റ്റ് ചെയ്യുകയും മറ്റൊരാളെ അതിൽ നിന്ന് ഒഴിവാക്കാനുമുള്ള ശ്രമം അനുവദിക്കാനാവില്ലെന്ന് ഇവർ പറഞ്ഞു. എന്നാൽ യു.ഡി.എഫിനെ ക്ഷണിച്ചിരുന്നില്ലെന്നും സമരം ഒത്തുതീർക്കുന്നതിനാണ് ചർച്ചയെന്നും ചെയർമാൻ അറിയിച്ചു. ഇത് യു.ഡി.എഫ് കൗൺസിലർമാരെ പ്രകോപിപ്പിച്ചു. തുടർന്ന് രൂക്ഷമായ വാക്കേറ്റവും പ്രതിഷേധവും നടത്തിയശേഷം കോൺഗ്രസ് കൗൺസിലർമാർ ചർച്ചയിൽ പങ്കെടുക്കാതെ പുറത്തുപോയി.