തിരുവനന്തപുരം: പ്രളയ ദുരന്തത്തിനിരയായ ചെറുകിട കച്ചവടക്കാർക്കായി പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയുടെ വായ്പാപദ്ധതി സർക്കാർ ഉപേക്ഷിച്ചു. ബാങ്കുകളുടെ താല്പര്യക്കുറവും പലിശയുടെ കാര്യത്തിലടക്കമുള്ള ആശങ്കകളുമാണ് പദ്ധതി വേണ്ടെന്നുവയ്ക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ആഗസ്റ്റ് അവസാനം മന്ത്രിസഭായോഗം പ്രഖ്യാപിച്ച പദ്ധതിയാണ് രണ്ട് മാസത്തോളം ഫയലിലുറങ്ങിയ ശേഷം ഇല്ലാതാകുന്നത്.പലിശയുള്ള വായ്പയായ ഇത് കേന്ദ്രസർക്കാരിന്റെ മുദ്ര വായ്പാ പദ്ധതിയുടെ മാതൃകയിലായിരുന്നു. സമാനമായ മറ്റൊരു പദ്ധതിയോട് ബാങ്കുകൾക്ക് താൽപര്യമില്ലായിരുന്നു. സർക്കാരിലും അങ്ങനെയൊരു വിലയിരുത്തലുണ്ടായി. പ്രളയത്തിൽ നാശമുണ്ടായ ചെറുകിട കച്ചവടക്കാർക്കും മറ്റും സർക്കാർ ഗാരണ്ടിയിൽ 10ലക്ഷം വായ്പ നൽകാനുള്ള പദ്ധതിയായിരുന്നു ഇത്. 12 ശതമാനം പലിശ സർക്കാർ സമ്മതിച്ചെങ്കിലും സർക്കാർ ഗാരണ്ടിയിൽ വ്യക്തത പോരെന്നതടക്കം പല തടസങ്ങളും ബാങ്ക് അധികൃതർ ഉന്നയിച്ചു.