teachers

തിരുവനന്തപുരം: സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ പല വിഷയങ്ങളിലും കഴിഞ്ഞ അഞ്ചു മാസം പഠിപ്പിച്ച അദ്ധ്യാപകർ ഇന്നുമുതൽ മാറും. ശേഷിക്കുന്ന നാല് മാസം പുതുതായെത്തുന്നവർ കൈകാര്യംചെയ്യും. 5000 അദ്ധ്യാപകർക്കാണ് അദ്ധ്യയന വർഷത്തിന്റെ നടുവിൽ മാറ്റം നൽകിയത്. അന്തിമ പട്ടിക ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് ഇന്നലെ പുറത്തിറക്കി. ഇന്നു മുതൽ റിലീവ് ചെയ്ത് പുതിയ സ്കൂളിലേക്ക് മാറാം.


വർഷങ്ങളായി വിദൂര ജില്ലകളിൽ കഴിഞ്ഞിരുന്ന പലർക്കും സ്വന്തം ജില്ലയിലെയും നാട്ടിലെയും സ്കൂളിൽ തിരിച്ചുവരാം. ഹൈക്കോടതി നിർദ്ദേശ പ്രകാരം, ജില്ലാതല ഒഴിവുകൾ പരിഗണിച്ചാണ് സ്ഥലംമാറ്റത്തിനുള്ള അന്തിമ ലിസ്റ്റ് തയ്യാറാക്കിയത്. 20 ശതമാനം ഒഴിവുകൾ മുൻഗണനാ വിഭാഗത്തിനും 10 ശതമാനം അനുകമ്പാ വിഭാഗത്തിനും നീക്കിവച്ചു. അതിനാൽ, പരാതികൾ പൂർണമായി ഒറ്റയടിക്ക് പരിഹരിക്കുക സാദ്ധ്യമല്ലെന്ന് ഹയർ സെക്കൻഡറി അധികൃതർ പറഞ്ഞു.

ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് കഴിഞ്ഞ 12ന് ഇറക്കിയ കരട് ലിസ്റ്റിൽ ഒാൺലൈനായി പരാതികൾ നൽകാൻ 10 ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു. 1500 ൽപ്പരം പരാതികൾ ലഭിച്ചതിൽ കഴമ്പുള്ളവ നൂറിൽ താഴെയായിരുന്നുവെന്ന് ഹയർ സെക്കൻഡറി ‌ഡയറക്ടർ പി.കെ. സുധീർ ബാബു പറഞ്ഞു. ഈ പരാതികളും പരിഹരിച്ചാണ് അന്തിമ ലിസ്റ്റ് ഇറക്കിയത്.

മൂന്ന് വർഷത്തെ കാത്തിരിപ്പ്‌

അദ്ധ്യാപകരുടെ സ്ഥലംമാറ്റം യാഥാർത്ഥ്യമാവുന്നത് മൂന്ന് വർഷം വരെ നീണ്ട കാത്തിരിപ്പിനുശേഷമാണ്. ഒടുവിൽ സ്ഥലംമാറ്റം നടന്നത് 2015 ഡിസംബറിലാണ്. ഇടത് സർക്കാർ വന്നശേഷം സ്ഥലംമാറ്റത്തിന് കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും അത് നിയമക്കുരുക്കിൽപ്പെട്ടതോടെ നടക്കാതായി. ഈ വർഷം മേയിൽ അദ്ധ്യാപകരിൽ നിന്ന് അപേക്ഷ സ്വീകരിച്ച്‌ ജൂണിൽ പ്രസിദ്ധീകരിച്ച കരട് ലിസ്റ്റും വ്യാപക പരാതികൾക്കിടയാക്കി. പരാതിക്കാർ നൽകിയ ഹർജിയിൽ, അപാകതകൾ തീർത്ത് പുതിയ ലിസ്റ്റ് ഇറക്കാൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവായി. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി കഴിഞ്ഞ നാലിന് തള്ളിയതോടെയാണ് സ്ഥലംമാറ്റത്തിന് വഴി തെളിഞ്ഞത്. അവശേഷിക്കുന്ന പരാതികളിൽ ന്യായമായത് കൂടി പരിഹരിക്കണമെന്ന് എ.കെ.എസ്.ടി.യു ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ ആവശ്യപ്പെട്ടു.