raghna

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യരിൽ ഏറ്റവും പണ്ഡിതനായിരുന്നു സ്വാമി ജഗദീശ്വരാനന്ദയെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരിയിൽ ആചാര്യസ്മൃതി സമ്മേളനത്തിൽ പണ്ഡിറ്റ് ജഗദീശ്വരാനന്ദ ദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സന്യാസി പരമ്പരയിൽ മഹാപണ്ഡിതന്മാർ ഉണ്ടാകണമെന്ന ആഗ്രഹത്തോടെയാണ് സ്വാമി ചൈതന്യ കോഴിക്കോട് സ്വദേശിയായ കുമാരൻ എന്ന ബാലനെ കാശിയിൽ വിട്ട് പഠിപ്പിച്ചത്. അവിടെ ഷഡ് ദർശനത്തിലും വേദവേദാന്ത ശാസ്ത്രങ്ങളിലും പഠനം നടത്തി മഹാപണ്ഡിതനായി തീർന്നു.

ഗുരുദേവന്റെ ജന്മശതാബ്ദി ആഘോഷിക്കുമ്പോൾ സ്വാമി ജഗദീശ്വരാനന്ദ ശിവഗിരി മഠം ജനറൽ സെക്രട്ടറിയായിരുന്നു. കാലടി രാമകൃഷ്ണാശ്രമത്തിന്റെ സ്ഥാപകൻ ആഗമാനന്ദ സ്വാമിയെ ഇദ്ദേഹം ബ്രഹ്മസൂത്രം പഠിപ്പിച്ചിട്ടുണ്ട്. ഗുരുദേവ കൃതിയായ മുനിചര്യാ പഞ്ചകത്തിലെ അഞ്ച് ശ്ലോകങ്ങൾക്ക് അഞ്ച് ഗ്രന്ഥങ്ങളായി സ്വാമി ആഗമാനന്ദ രചിച്ച വ്യാഖ്യാനം നമ്മുടെ ഭാഗ്യദോഷം കൊണ്ട് നഷ്ടമായെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ഗുരുദർശന രഘ്‌ന ദിവാകരൻ, യോഗം അസി. സെക്രട്ടറി പി.ടി. മന്മഥൻ എന്നിവരും സംസാരിച്ചു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി സാന്ദ്രാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രകാശം, തുഷാർ വെള്ളാപ്പള്ളി, ചൂഴാൽ നിർമ്മലൻ, അഡ്വ. സിനിൽ മുണ്ടപ്പള്ളി, വിജീഷ് മേടയിൽ, ഡി .പ്രേംരാജ്, ആലുവിള അജിത്ത്, അജി .എസ്.ആർ.എം, ശ്രീകുമാർ പെരുങ്ങുഴി, ടി.കെ. കുട്ടപ്പൻ ഡൽഹി, ടി.എൻ. സുരേഷ് കോവളം, ഗോകുൽദാസ്, രാജേഷ് നെടുമങ്ങാട്, ബി. മണികണ്ഠൻ, എസ്. സതീഷ് കുമാർ, ദഞ്ചുദാസ് തുടങ്ങിയവർ സംബന്ധിച്ചു.

ആറ്റിങ്ങൽ, പാറശാല യൂണിയനുകളിൽ നിന്ന് യൂണിയൻ, ശാഖാ ഭാരവാഹികളും പ്രവർത്തകരും ഭക്തജനങ്ങളും ഇന്നലെ ശിവഗിരിയിലെ ചടങ്ങുകളിൽ പങ്കെടുത്തു.

ഫോട്ടോ: ശിവഗിരിയിൽ ആചാര്യസ്മൃതി സമ്മേളനത്തിൽ ഗുരുദർശന രഘ്ന ദിവാകരൻ പണ്ഡിറ്റ് ജഗദീശ്വരാനന്ദ സ്വാമി ദിന പ്രഭാഷണം നടത്തുന്നു. അഡ്വ. സിനിൽ മുണ്ടപ്പള്ളി, എം.അജയൻ ആറ്റിങ്ങൽ, ടി.എൻ. സുരേഷ് കോവളം, സ്വാമി സച്ചിദാനന്ദ, ചൂഴാൽ നിർമ്മലൻ പാറശാല, വി.ടി. മന്മഥൻ, വിജീഷ് മേടയിൽ എന്നിവർ സമീപം

ശിവഗിരിയിൽ ഇന്ന് :

രാവിലെ 4.30ന് പർണശാലയിൽ ശാന്തിഹവനം, 5ന് ശാരദാമഠത്തിൽ വിശേഷാൽപൂജ, 5.30ന് മഹാസമാധിയിൽ വിശേഷാൽ ഗുരുപൂജ, 5.45ന് ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവകൃതികളുടെ പാരായണം, 9ന് വിശ്വശാന്തിഹവനം, വൈകിട്ട് 3ന് ആചാര്യസ്മൃതി സമ്മേളനം.