politics

പാലോട്: മാലിന്യപ്ലാന്റിനെതിരെ പ്രമേയാവതരണം അജൻഡയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ച അഞ്ഞൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസിഡന്റുൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളെ നാട്ടുകാർ ഓഫീസിലേക്ക് കടത്തിവിട്ടില്ല. സ്ത്രീകളും ആദിവാസികളുമടക്കം രാവിലെ എട്ടു മുതൽ ഗേറ്റിനു മുന്നിൽ കുത്തിയിരുന്നു.

ജില്ലാപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കൂടി സമരത്തിനെത്തിയതോടെ ഉപരോധം ശക്തമായി. മെമ്പർമാരെ കടത്തിവിടാത്തതിൽ പ്രകോപിതരായ സി.പി.എം പ്രവർത്തകർ ഉപരോധം തീർത്തവരുടെ ഇടയിലേക്ക് തള്ളിക്കയറിയതോടെ വാക്കേറ്റവും കൈയാങ്കളിയുമായി. പാലോട് സി.ഐ മനോജിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. ബലപ്രയോഗത്തിലൂടെയാണ് സമരക്കാരെ പൊലീസ് നീക്കിയത്.

ആനാട് ജയൻ, ഡി. രഘുനാഥൻ നായർ, ബി. പവിത്രകുമാർ, തെന്നൂർ ഷാജി, സുധീർഷാ, സുഭാഷ്, എം.കെ. സലിം, ഇടവം ഖാലിദ് തുടങ്ങിയവരും മാലിന്യപ്ലാന്റ് വിരുദ്ധ സമരസമിതി ഭാരവാഹികളായ നിസാർ മുഹമ്മദ് സുൽഫി,ഇടവം ഷാനവാസ്, അജിത് പെരിങ്ങമ്മല, എം.ആർ. ചന്ദ്രൻ, സി. മഹാസേനൻ, അരുൺകുമാർ തുടങ്ങിയവരും അറസ്റ്റ് വരിച്ചു.

തുടർന്ന് പാലോട് പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രവർത്തകർ മുദ്രാവാക്യവുമായി തടിച്ചുകൂടി. പ്രമേയാവതരണത്തിന് അനുമതി തേടി യു.ഡി.എഫ് അംഗങ്ങൾ നൽകിയ നോട്ടീസ് അജൻഡയിൽ ഉൾപ്പെടുത്താൻ തയ്യാറാവാത്തത് പ്രതിഷേധാർഹമാണെന്നും സമാധാനപരമായി നടന്ന ഉപരോധസമരം സി.പി.എം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് അലങ്കോലമാക്കിയതെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു.