coll

 തരംതാഴ്‌ത്തൽ കരട് ഉത്തരവുണ്ടാക്കിയ സാങ്കേതികവിദ്യാഭ്യാസ ഡയറക്ടർക്കെതിരേ നടപടി വരും

തിരുവനന്തപുരം:സർക്കാർ, എയ്ഡഡ് എൻജിനിയറിംഗ് കോളേജ് അദ്ധ്യാപകർക്കിടയിലെ ന്യൂജനറേഷൻ-ഓൾഡ്‌‌ ജനറേഷൻ തർക്കത്തിൽ ഇലയ്ക്കുംമുള്ളിനും കേടില്ലാതെ ഉന്നതവിദ്യാഭ്യാസവകുപ്പ് പരിഹാരമുണ്ടാക്കി. കമ്പ്യൂട്ടർസയൻസ്, ഐ.ടി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ ന്യൂജനറേഷൻ കോഴ്സുകളിലെ അദ്ധ്യാപകർ വേഗത്തിൽ സ്ഥാനക്കയറ്റം നേടി എളുപ്പത്തിൽ പ്രിൻസിപ്പൽമാരാവുന്നുവെന്ന് ചൂണ്ടിക്കാട്ടി സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പവർ തുടങ്ങിയ പരമ്പരാഗത കോഴ്സുകളിലെ അദ്ധ്യാപകരാണ് കോടതികയറിയത്. പ്രിൻസിപ്പൽമാരെ കൂട്ടത്തോടെ തരംതാഴ്‌ത്തണമെന്ന സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശകൾ തള്ളിക്കളഞ്ഞ്, ഒരാളെപ്പോലും തരംതാഴ്‌ത്താതെയും 240പേർക്ക് സ്ഥാനക്കയറ്റം നൽകിയും 2008 മുതൽ തുടരുന്ന തർക്കത്തിന് സർക്കാർ പരിഹാരമുണ്ടാക്കുകയായിരുന്നു.

5 പ്രിൻസിപ്പൽമാരും 10പ്രൊഫസർമാരുമടക്കം 27മുതിർന്നഅദ്ധ്യാപകരെ ഉടനടി തരംതാഴ്‌ത്താനുള്ള കരട് ഉത്തരവ് സാങ്കേതിക വിദ്യാഭ്യാസഡയറക്ടർ കെ.പി.ഇന്ദിരാദേവി ഉന്നതവിദ്യാഭ്യാസവകുപ്പിന് കൈമാറിയിരുന്നു. ജോയിന്റ് ഡയറക്ടർമാരായ ഡോ.വി.ഐ.ബീന, ഡോ.എസ്.ജയകുമാർ, എൽ.ബി.എസ് ഡയറക്ടർ ഡോ.ഷാജിസേനാധിപൻ എന്നിവരും തരംതാഴ്‌ത്തൽ പട്ടികയിലുണ്ടായിരുന്നു. സെക്രട്ടേറിയറ്റിൽ നിന്നിറക്കേണ്ട ഉത്തരവ് ഡയറക്ടർ തയ്യാറാക്കിയതുവഴി അധികാരദുർവിനിയോഗം നടത്തിയെന്ന് സർക്കാർ വിലയിരുത്തി. അസി.പ്രൊഫസർമാരുടെ സ്ഥലംമാറ്റത്തിനേ ഡയറക്ടർക്ക് അധികാരമുള്ളൂ. അസോ.പ്രൊഫസർ മുതലുള്ളവരെ മാറ്റാൻ സർക്കാരിനാണ് അധികാരം. ഉന്നതവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽസെക്രട്ടറി ഡോ.ഉഷാടൈറ്റസ് ഡയറക്ടറെ വിളിച്ചുവരുത്തി ശകാരിച്ചു. ഇടുക്കിയിലെ ഇടതുസംഘടനാനേതാവ് തയ്യാറാക്കിയ കരട് ഉത്തരവ് ഫയൽ നമ്പർപോലുമിടാതെ ഡയറക്ടർ വകുപ്പിലെത്തിക്കുകയായിരുന്നു. ഈ ഉത്തരവ് മന്ത്രി കെ.ടി.ജലീലും അഡ്വക്കേറ്റ്ജനറൽ സി.പി.സുധാകരപ്രസാദും തള്ളി. ആരെയും തരംതാഴ്‌ത്താതെ പുന:ക്രമീകരണം നടത്താൻ മന്ത്രി ഫയലിലെഴുതി. ഡയറക്ടർ തരംതാഴ്‌ത്താൻ കരട്ഉത്തരവിറക്കിയ ഡോ.കെ.കൃഷ്‌ണകുമാറിനെ ജോയിന്റ്ഡയറക്ടറായും ഡോ.എൻ.വിജയകുമാറിനെ കണ്ണൂർ ഗവ.എൻജിനിയറിംഗ്കോളേജ് പ്രിൻസിപ്പലായും സ്ഥാനക്കയറ്റത്തോടെ നിയമിച്ച് സർക്കാർ ഇന്നലെ ഉത്തരവിറക്കി.

ഒരേകോളേജിലെ അദ്ധ്യാപകർ തമ്മിൽ പ്രിൻസിപ്പൽ കസേരയ്ക്കായി പോരടിക്കുന്ന സ്ഥിതിയായിരുന്നു. ട്രൈബ്യൂണൽ മുതൽ സുപ്രീംകോടതിയിൽ വരെ 153 കേസുകളുമുണ്ടായി. തസ്‌തിക കൂടുതലായതിനാൽ ന്യൂജനറേഷൻ കോഴ്സുകളിലെ അദ്ധ്യാപകർക്ക് വേഗത്തിൽ സ്ഥാനക്കയറ്റം ലഭിച്ചു. 2008 മുതൽ 2018 വരെ 35പ്രിൻസിപ്പൽ തസ്തികയിൽ 22ലും ന്യൂജനറേഷൻ അദ്ധ്യാപകരാണെത്തിയത്. തസ്തിക കുറവായതിനാൽ പരമ്പരാഗത കോഴ്സുകളിലെ അദ്ധ്യാപകർ പ്രൊഫസർമാരായി വിരമിക്കേണ്ട സ്ഥിതിയായിരുന്നു. സ്പെഷ്യൽറൂൾ നടപ്പാക്കാത്തതിലെ അപാകതയായിരുന്നു ഇത്. പ്രിൻസിപ്പൽസെക്രട്ടറി ഡോ.ഉഷാടൈറ്റസ് ഹിയറിംഗ് നടത്തിയാണ് പ്രശ്‌നപരിഹാരമുണ്ടാക്കിയത്.

പരിഹാരം ഇങ്ങനെ

 9 ഗവ.കോളേജുകളിലും 3എയ്ഡഡ് കോളേജുകളിലുമായി 92തസ്തിക സൃഷ്ടിച്ചു

 അസോ.പ്രൊഫസർ, പ്രൊഫസർ തസ്തികകളിൽ 240അദ്ധ്യാപകർക്ക് സ്ഥാനക്കയറ്റം

 തരംതാഴ്‌ത്താൻ ശുപാർശചെയ്യപ്പെട്ടവരെ സമാനതസ്‌തികകളിലേക്ക് പുനർവിന്യസിച്ചു

 എൻട്രികേഡർ, അസോ.പ്രൊഫസർ 200ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട്ചെയ്തു

''ആരെയും തരംതാഴ്‌ത്താതെയും എല്ലാവരെയും സംരക്ഷിച്ചുമാണ് പരിഹാരമുണ്ടാക്കിയത്. സുപ്രീംകോടതി ഉത്തരവ് പൂർണമായി പാലിച്ചിട്ടുണ്ട്.

മന്ത്രി കെ.ടി.ജലീൽ