-mullapalli-ramachandran

തിരുവനന്തപുരം: ശബരിമല പ്രശ്നത്തെ നവോത്ഥാന പോരാട്ടങ്ങളുമായി കൂട്ടിക്കെട്ടാനും അവയെ തങ്ങളുടേതാക്കാനുമുള്ള സി.പി.എമ്മിന്റെ ശ്രമം അപഹാസ്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ക്ഷേത്രപ്രവേശനവിളംബരത്തിന്റെ 82-ാം വാർഷികം സർക്കാർ ആഘോഷിക്കുന്നത് ഇതേ രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

നവോത്ഥാന പോരാട്ടങ്ങളുമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വിദൂരബന്ധം പോലുമില്ല. 1936ൽ നടന്ന ക്ഷേത്രപ്രവേശന വിളംബരവും വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടേതാക്കി ഹൈജാക്ക് ചെയ്യാനാണ് ശ്രമം. 1939ൽ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ രൂപീകൃതമാകുന്നതിനുമുമ്പ് നടന്നവയാണ് ഈ പ്രക്ഷോഭങ്ങൾ. വൈക്കം, ഗുരുവായൂർ പ്രക്ഷോഭങ്ങളുടെ അമരക്കാരൻ കെ.പി.സി.സി പ്രസിഡന്റായിരുന്ന കെ. കേളപ്പനാണ്. അയിത്തോച്ചാടനത്തിനായി രൂപീകരിച്ച രണ്ട് കമ്മിറ്റികളുടെയും അദ്ധ്യക്ഷനും കേളപ്പനായിരുന്നു.