മലയാള സിനിമാലോകത്തേക്ക് ഇതാ പുതിയൊരു താരോദയം കൂടി. ടെലിവിഷൻ പരിപാടികളിലൂടെ ജനഹൃദങ്ങളിൽ ഇടം നേടിയ ഇരുപത്തിരണ്ടുകാരി മെറിൻ മരിയ. സൗന്ദര്യവും ബുദ്ധിയും കൊണ്ട് ഒരുപോലെ അനുഗ്രഹീതയായി ഈ കോട്ടയംകാരി നിഗൂഢമായ രഹസ്യങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്ന ‘ഹു’ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് വെള്ളിത്തിരയിലേക്ക് ചുവട് വയ്‌ക്കുന്നത്. സയൻസ് ഫിക്ഷൻ, ടൈം ട്രാവലർ സാദ്ധ്യതകൾ സംയോജിപ്പിച്ചുള്ള 125 മിനിട്ട് ദൈർഘ്യമുള്ള സിനിമയുടെ ട്രെയ്‌ലറിന് പ്രേക്ഷകരുടെ ഇടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.
ഒക്ടോബർ 26ന് സിനിമ തീയറ്ററുകളിലെത്തുന്നതിന്റെ ത്രില്ലിലാണ് സിനിമയുടെ നടീനടന്മാരേയും അണിയറപ്രവർത്തകരേയും പോലെ മെറിൻ മരിയയും. ഒരു ക്രിസ്മസ് രാത്രിയിൽ നിഗൂഢമായ താഴ്‍വരയിൽ നടക്കുന്ന ചില വിചിത്രമായ സംഭവങ്ങളും അത് അവിടെയുള്ള ജനങ്ങളെ, അവരുടെ മനസിനെ എങ്ങനെ ബാധിക്കുന്നു എന്നതുമാണ് ‘ഹു’ സിനിമയുടെ പ്രമേയം. മൂന്ന് ഭാഗങ്ങളിലായി ഒരുക്കുന്ന സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് ‘ഹു’ ഇറങ്ങുക. ആദ്യ ഭാഗമായ ‘ഇസബെല്ല’ പിന്നീട് പുറത്തിറങ്ങും. 4കെ ക്വാളിറ്റിയിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ശ്രുതി മേനോൻ, പേർളി മാണി, ഷൈൻ ടോം ചാക്കോ, രാജീവ് പിള്ള എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയിലെ ഒരു പ്രധാന കഥാപാത്രമായി കലക്ടർ ബ്രോ പ്രശാന്ത് നായരുമെത്തുന്നുണ്ട്.
ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പേർളി മാണിയുടെ സുഹൃത്തായ അയന ബെന്നറ്റ് എന്ന കഥാപാത്രത്തെയാണ് മെറിൻ അവതരിപ്പിക്കുന്നത്.അതുകൊണ്ട് തന്നെ പേർളിയുടെ കഥാപാത്രത്തിന്റെ ദർപ്പണമായാണ് അയന എന്ന കഥാപാത്രം പ്രവർത്തിക്കുന്നത്. കേരളത്തിന് പുറമേ ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണമെന്ന് മെറിൻ പറയുന്നു. ഉത്തരാഖണ്ഡിലെ പ്രതികൂല കാലാവസ്ഥയിൽ ഒട്ടേറെ പ്രശ്നങ്ങൾ സഹിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം.''ഫോൺ സിഗ്നലുകളില്ല,ശരിയായി ഉറങ്ങാൻ കഴിയുന്നില്ല, ഗതാഗത സൗകര്യങ്ങളില്ല... തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നു. ഒരു ഘട്ടത്തിൽ സംവിധായൻ അജയ് ദേവലോകിനോട് ദേഷ്യപ്പെടേണ്ടി വരെ വന്നിട്ടുണ്ട്. എന്നാൽ ഒരു വർഷത്തിനിപ്പുറം ഞങ്ങളുടെ കഷ്ടപ്പാടുകൾക്ക് ഫലം കണ്ടെന്നതിൽ വളരെ സന്തോഷമുണ്ടെന്നും" മെറിൻ പറയുന്നു. മോഡലും കർണാടിക് ഗായികയും എഴുത്തുകാരിയുമായി മെറിൻ നിലവിൽ ദേശീയ മാദ്ധ്യമത്തിൽ ജേർണലിസ്റ്റാണ്.