വർക്കല : വർക്കല - ശിവഗിരി റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് റിസർവേഷൻ കൗണ്ടറിന്റെ മുന്നിൽ വാഹനങ്ങളെ തട്ടിയിട്ട് നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. റെയിൽവേ സ്റ്റേഷനിലേക്കുള്ള സകല വാഹനങ്ങളും തോന്നുംപടി പാർക്ക് ചെയ്തിരിക്കുകയാണിവിടെ. വഴി തടസപ്പെടുത്തി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം യാത്രക്കാർ വലയുകയാണ്. മാത്രമല്ല, സ്റ്റേഷൻ റോഡിൽ ഗതാഗത തടസവും പതിവാണ്.
ഇവിടെ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതിലധികവും ഇരുചക്രവാഹനങ്ങളാണ്. റോഡിൽ നിന്നും ടിക്കറ്റ് കൗണ്ടറിലേക്കുള്ള വഴി അപഹരിച്ചാണ് പാർക്കിംഗ്. വാഹനങ്ങൾക്കിടയിലൂടെ നടന്ന് വേണം യാത്രക്കാർക്ക് ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാൻ. സമീപത്തെ റെയിൽവെ കാന്റീനിന് മുന്നിലും അനധികൃത പാർക്കിംഗ് ഉണ്ട്. സ്റ്റേഷന്റെ വടക്കുഭാഗത്തും മുൻഭാഗത്തും പാർക്കിംഗിന് സ്ഥലമുണ്ടെങ്കിലും മതിയായ സൗകര്യങ്ങളില്ല. റോഡരികിൽ വാഹനങ്ങൾ നിറുത്തിയിടാൻ സ്ഥലമില്ലാതാകുമ്പോഴാണ് റെയിൽവേ അതിർത്തിക്കുള്ളിലേക്ക് പാർക്കിംഗ് വ്യാപിപ്പിക്കുന്നത്. ടിക്കറ്റെടുക്കുവാൻ എത്തുന്നവരുടെ വാഹനങ്ങളും റിസർവേഷൻ-ടിക്കറ്റ് കൗണ്ടറിന് മുന്നിലാണ് പാർക്ക് ചെയ്യുന്നത്.
മുണ്ടയിലേക്കുളള റോഡിലേക്ക് പ്രവേശിക്കുന്ന വഴിയിൽ പൊലീസിന്റെ നോ പാർക്കിംഗ് ബോർഡുണ്ടെങ്കിലും കണ്ടഭാവം നടക്കുന്നില്ല. ട്രെയിൽ യാത്രക്കാരിൽ രാവിലെ പാർക്ക് ചെയ്‌താൽ വൈകിട്ട് യാത്ര കഴിഞ്ഞ് മടങ്ങി എത്തുമ്പോഴാണ് വണ്ടി എടുത്തുമാറ്റുന്നത്. ടിക്കറ്റ് കൗണ്ടറിനു മുന്നിൽ ദിവസങ്ങളോളം വാഹനങ്ങൾ വഴിയടച്ച് പാർക്ക് ചെയ്‌തിട്ട് പോകുന്നവരും ഏറെയാണ്. സ്റ്റേഷന് സമീപത്തുള്ള നഗരസഭയുടെ മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്കെത്തുന്ന ബസുകൾ റോഡരുകിൽ പാർക്ക് ചെയ്‌ത വാഹനത്തിൽ തട്ടി അപകടങ്ങൾ ഉണ്ടാകാറുണ്ട്. ട്രാഫിക് നിയന്ത്റണത്തിനായി പൊലീസുണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് പരാതി.
പൊല്ലാപ്പായി പാർക്കിംഗ്
ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ ഗ്രൗണ്ടുകളിലും പ്രധാന നിരത്തിലും യാതൊരു നിയന്ത്റണവുമില്ലാതെ വാഹനങ്ങൾ നിറുത്തിയിടുകയാണ്. തന്മൂലം വർക്കല മൈതാനം സ്റ്റേഷൻ റോഡിലും മുണ്ടയിൽ റോഡിലും ഗതാഗതം പതിവായി തടസപ്പെടുന്നു.കാറുകളിൽ എത്തുന്നവരും റോഡിൽ നിറുത്തിയിട്ട ശേഷമാണ് ടിക്കറ്റെടുക്കുവാനും റിസർവേഷൻ ചെയ്യാനുമായി പോകുന്നത്. പാർക്കിംഗ് സ്ഥലത്ത് ഫീസ് കൊടുക്കേണ്ടി വരുന്നതിനാൽ പൊതു സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നവരുമുണ്ട്.