വിഴിഞ്ഞം: വാഹനത്തിന്റെ ടയർ കനാലിലേക്ക് മറിയുമ്പോൾ ഹരിശങ്കർ എന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആദ്യം പുറത്തേക്ക് ചാടി. മറ്റ് കുട്ടികളുടെ വിളികേട്ട് കനാലിനു സമീപത്തെ റോഡിൽ വീണ ഹരിശങ്കർ വീഴ്ചയുടെ വേദന കാര്യമാക്കാതെ കുരുന്നുകളെ രക്ഷിക്കുവാൻ ഓടിയെത്തി. കുരുന്നുകളെ കൈ നീട്ടിപ്പിടിച്ച് കരയ്ക്ക് എത്തിക്കുമ്പോഴും ഹരിശങ്കർ ഉറക്കെ നിലവിളിച്ച് ആളുകളെ കൂട്ടുകയായിരുന്നു. എത്ര പേരെ രക്ഷിച്ചുവെന്നറിയില്ല ആൾക്കാർ കൂടുന്നതിനു മുൻപേ കുറെപേരെ കരയിലേക്ക് കയറ്റാൻ ഹരിശങ്കറിന് കഴിഞ്ഞു. ഡ്രൈവറുടെ സീറ്റിനു സമീപത്തിരുന്ന അഞ്ചാം ക്ലാസുകാരൻ ഹരിശങ്കറായിരുന്നു വാഹനത്തിലുണ്ടായിരുന്ന ഏറ്റവും മുതിർന്ന വിദ്യാർത്ഥി. നിലവിളി കേട്ട് സമീപത്തെ ക്ഷേത്രത്തിൽ ഉണ്ടായിരുന്നവർ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തി. വൈകാതെ പരുക്കേറ്റവരെ വിവിധ വാഹനങ്ങളിൽ ആശുപത്രിയിൽ കൊണ്ടുപോയി. അഗ്നിശമന സേനയെത്തി വാഹനം പരിശോധിച്ച് അടിയിൽ ആരും അകപ്പെട്ടിട്ടില്ലെന്ന് ഉറപ്പു വരുത്തി.