തിരുവനന്തപുരം: സെപ്തംബർ 9ന് നടത്തിയ സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ(സെറ്റ്) ഫലം പ്രസിദ്ധീകരിച്ചു. പി.ആർ.ഡിയിലും www.lbscentre.org,www.lbskerala.com വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാണ്. ആകെ 16161 പേർ പരീക്ഷ എഴുതിയതിൽ 1356 പേർ വിജയിച്ചു. വിജയശതമാനം 8.39. ജനറൽ വിഭാഗത്തിൽ 488 ഉം,ഒ.ബി.സിയിൽ 694ഉം എസ്.സി-എസ്.ടി,ഫിസിക്കലി, വിഷ്വലി ഹാൻഡികാപ്ഡ് വിഭാഗങ്ങളിൽ 174ഉം പേരാണ് വിജയിച്ചത്.
ഇംഗ്ലീഷിനാണ് ഏറ്റവുമധികം പേർ വിജയിച്ചത്-431. സംസ്‌കൃതം,ഇസ്ലാമിക് ഹിസ്റ്ററി വിഷയങ്ങളിൽ പരീക്ഷയെഴുതിയവരിൽ ഒറ്റയാൾ പോലും വിജയിച്ചില്ല. ജില്ലാടിസ്ഥാനത്തിൽ കോഴിക്കോടാണ് വിജയികൾ കൂടുതൽ.-194.
പാസായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടവർ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ പേര് ഉൾപ്പെടുന്ന പേജ്, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ്, മാർക്ക്ലിസ്റ്റ്, ബി.എഡ് സർട്ടിഫിക്കറ്റ്, അംഗീകൃത തുല്യത സർട്ടിഫിക്കറ്റുകൾ, പ്രോസ്‌പെക്ടസിലെ ഖണ്ഡിക 2.2ൽ പറഞ്ഞിട്ടില്ലാത്ത വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവർ തങ്ങളുടെ വിഷയങ്ങളുടെ തുല്യതാ സർട്ടിഫിക്കറ്റ്, ഒ.ബി.സി (നോൺ ക്രീമിലെയർ) വിഭാഗത്തിൽ അപേക്ഷ നൽകി വിജയിച്ചവർ ഒറിജിനൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്. എസ്.സി/ എസ്.ടി, പി.എച്ച്/ വി.എച്ച് വിഭാഗത്തിൽ അപേക്ഷ നൽകി വിജയിച്ചവർ അവരുടെ ജാതി/വൈകല്യം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ഡയറക്ടർ, എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അയയ്ക്കണം. അസ്സൽ സർട്ടിഫിക്കറ്റുകൾ 2019 ജനുവരി മുതൽ വിതരണം ചെയ്യും. ഫോൺ : 0471-2560311.