നെയ്യാറ്റിൻകര: പെരുങ്കടവിള ഗ്രാമ പഞ്ചായത്തിലെ തൃപ്പലവൂർ ഗ്രാമസഭയിൽ സംസാരിച്ചു കൊണ്ടിരിക്കേ പഞ്ചായത്ത് വൈസ് പ്രസിഡന്റായ തൃപ്പലവൂർ പ്രസാദിനെ ആക്രമിച്ച ബി.ജെ.പി പ്രവർത്തകയായ ബീന, തന്നെ അസഭ്യം പറഞ്ഞതിനും അപമാനിച്ചതിനും നൽകിയ കൗണ്ടർ പെറ്റിഷൻ മാരായമുട്ടം പൊലീസ് പരിഗണിച്ചില്ല. അതേസമയം, ഗ്രാമസഭയിൽ റോഡ് നിർമ്മാണത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടിരുന്ന വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രസാദിനെ ആക്രമിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. ആക്രോശിച്ചു കൊണ്ട് മൈക്കിന് സമീപത്തേക്ക് ഒാടിയെത്തിയ ബീന തൃപ്പലവൂർ പ്രസാദിന്റെ കൈയിൽ ആഞ്ഞടിക്കുകയായിരുന്നു. വീണ്ടും അടിക്കാനോങ്ങിയ ബീനയെ പെരുങ്കടവിള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ.ആർ. സുനിതയും മറ്റുള്ളവരും ചേർന്ന് പിടിച്ചു മാറ്റുകയായിരുന്നു.

തൃപ്പലവൂർ യു.പി സ്കൂളിൽ നടന്ന യോഗത്തിലാണ് കൈയാങ്കളി നടന്നത്. ഗ്രാമ പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാരായമുട്ടം പൊലീസ് കേസെടുത്ത് നെയ്യാറ്റിൻകര മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. യുവതിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു .

തൃപ്പലവൂരിൽ തോട് നികത്തി റോഡ് നിർമ്മിക്കുന്ന ജോലി പാതി വഴിയിൽ നിലച്ചിരുന്നു. ബീനയുടെ വീടിനുമുന്നിൽക്കൂടിയാണ് റോഡ് വരേണ്ടത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവതി ബഹളം തുടങ്ങിയത്. ഫണ്ടിൽ 5 ലക്ഷം രൂപ മാത്രമേയുള്ളുവെന്നും ബാക്കി നാട്ടുകാർ നൽകണമെന്നും പറഞ്ഞതോടെ യുവതി ക്ഷുഭിതയായി. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വേദിയിലേക്ക് ഓടിയെത്തി പ്രസാദിനെ ആക്രമിക്കുകയായിരുന്നു. ഭരണം അട്ടിമറിക്കാൻ ബി.ജെ.പി നടത്തിയ ഗൂഢാലോചനയാണ് ആക്രമണത്തിന് പിന്നിലെന്നും ഇതിനെതിരെ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.എസ്. അനിൽ പറഞ്ഞു.