crime

ആ​റ്റിങ്ങൽ : കഴിഞ്ഞ ദിവസം രാത്രി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷിന്റെയും എ.ബി.വി.പി ആ​റ്റിങ്ങൽ മേഖല സെക്രട്ടറി ശ്യാംമോഹന്റെയും വീടിനു നേരെയുണ്ടായ ആക്രമണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവിഭാഗവും നൽകിയ മൊഴിയെത്തുടർന്നാണ് ആറ്റിങ്ങൽ പൊലീസ് കേസെടുത്തത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും എസ്.എച്ച്.ഒ സുനിൽ പറഞ്ഞു.

ശ്യാംമോഹൻ നൽകിയ മൊഴിയനുസരിച്ച് വീടാക്രമിച്ച കേസിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു. വിനീഷിന്റെ വീടാക്രമിക്കാനെത്തിയവർ മുഖംമൂടി ധരിച്ചിരുന്നതിനാൽ ഇവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. എങ്കിലും സാഹചര്യ തെളിവുകൾ പരിഗണിച്ച് ചിലരെ സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് ശ്യാംമോഹന്റെ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് ആക്രമണം നടത്തിയത്. സംഭവത്തിൽ ശ്യാംമോഹനും അമ്മ രാഗിണിക്കും മർദ്ദനമേ​റ്റിരുന്നു. ഇതിന്റെ പ്രതികാരമായാണ് രാത്രി 2.30ഓടെ വിനീഷിന്റെ കോരാണിയിലെ കുടുംബവീട് അക്രമിച്ചതെന്നാണ് നിഗമനം. തോന്നയ്‌ക്കൽ സ്‌കൂളിലുണ്ടായ എസ്.എഫ്.ഐ, എ.ബി.വി.പി സംഘർഷത്തിൽ ശ്യാംമോഹന് പങ്കുള്ളതായി പൊലീസ് പറഞ്ഞു. ഇതിന്റെ തുടർച്ചയായാണ് ശ്യാംമോഹനെ ആക്രമിക്കുകയും വീട് തകർക്കുകയും ചെയ്‌തത്. എന്നാൽ സ്‌കൂളിൽ നടന്ന സംഭവത്തിൽ വിനീഷിന് ബന്ധമുണ്ടായിരുന്നില്ല.