തിരുവനന്തപുരം : ഭർത്താവിന്റെ ബൈക്കിന് പിന്നിലിരുന്ന് ഓഫീസിലേയ്‌ക്ക് പോവുകയായിരുന്ന ബാങ്ക് ഉദ്യോഗസ്ഥയ്‌ക്ക് കെ.എസ്.ആർ.ടി.സി ബസിടിച്ച് ദാരുണാന്ത്യം. ഭർത്താവ് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ പട്ടം പ്ലാമൂട് പി.എം.ജിക്ക് സമീപമായിരുന്നു അപകടം. കേശവദാസപുരം കാക്കനാട് ലെയ്ൻ എം 22ൽ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ ജിജി മാത്യുവിന്റെ ഭാര്യയും സ്‌പെൻസർ ജംഗ്ഷനിലെ കാനറാ ബാങ്ക് സർക്കിൾ ഓഫീസറുമായ ബ്ലെസി ടി. മാത്യുവാണ് (59) മരിച്ചത്.
ഭർത്താവ് ബൈക്കിൽ കൊണ്ടാക്കുകയാണ് പതിവ്. പട്ടത്ത് സിഗ്നൽ തെളിഞ്ഞപ്പോൾ വാഹനം മുന്നോട്ട് എടുക്കവേ, പിന്നിൽ ബസ് വന്നിടിക്കുകയായിരുന്നു. ബസിനടിയിലേക്ക് വീണ ബ്ലെസിയുടെ ശരീരത്തിലൂടെ ടയറുകൾ കയറിയിറങ്ങി. ഓടിക്കൂടിയവർ ഉടനടി മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ജിജി മാത്യു ചികിത്സയിലാണ്. മക്കൾ : ആൻ, അവന. സംസ്‌കാരം കഴിഞ്ഞു.