block

മലയിൻകീഴ്: നേമം ബ്ലോക്ക് പഞ്ചായത്ത് കവി എ.അയ്യപ്പൻ സ്മാരക ഗ്രന്ഥശാലയ്ക്ക് മുന്നിൽ ഒരുക്കിയ സ്മാരകം 'ആലരങ്ങ്' അദ്ദേഹത്തിന്റെ ജന്മദിനമായ നാളെ നാടിന് സമർപ്പിക്കും. വൈകുന്നേരം 4ന് ശിൽപി കാനായി കുഞ്ഞിരാമൻ സ്മാരകം അനാച്ഛാദനം ചെയ്യും. കവിക്ക് ഉചിതമായ സ്മാരകം വേണമെന്ന നാട്ടുകാരുടെ സ്വപ്നമാണ് ഇതോടെ പൂവണിയുന്നത്.നേമം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലെ ഗ്രന്ഥശാലയ്ക്ക് മുന്നിലെ ആൽമരച്ചുവട് അയ്യപ്പന്റെ ഓർമ്മയ്ക്കായി സർഗവേദിയാക്കാമെന്ന കാട്ടാക്കട പ്രസ് ക്ലബ്ബിന്റെ നിർദ്ദേശം ബ്ലോക്ക് പഞ്ചായത്ത് അംഗീകരിക്കുകയായിരുന്നു. ആൽമരത്തെ ചുറ്റി ഏഴടി ഉയരത്തിൽ അർദ്ധ വൃത്താകൃതിയിൽ നിർമ്മിച്ച ചുവരിന്റെ ഒരു വശത്ത് കവിയുടെ ഛായാചിത്രവും മറുവശത്ത് അയ്യപ്പൻ എഴുതിയ ആലില എന്ന കവിതയിലെ വരികളും സ്വർണ നിറത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.കടും നിറങ്ങൾ ഇല്ലാതെ ആഡംബരങ്ങൾ ഒഴിവാക്കിയാണ് ആലരങ്ങ് നിർമ്മിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.ശകുന്തളകുമാരി, വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, സെക്രട്ടറി അജികുമാർ,ബ്ലോക്ക് ജനപ്രതിനിധികൾ എന്നിവർ ആലരങ്ങിന്റെ അവസാന മിനുക്കുപണികൾ വിലയിരുത്തിയിരുന്നു. അയ്യപ്പന്റെ നാമധേയത്തിലുള്ള സംസ്ഥാനത്തെ ആദ്യ സ്മാരകമാണ് ആലരങ്ങെന്ന് ജനപ്രതിനിധികൾ പറയുന്നു.