തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് ഉതകുന്ന നിർദ്ദേശങ്ങളുമായി സുസ്ഥിര വികസനം സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കാൻ ഭരണപരിഷ്കാര കമ്മിഷൻ തീരുമാനിച്ചു. വിവിധ മേഖലകളിലുള്ള വിദഗ്ധരുമായി ചർച്ച ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്.
സംസ്ഥാനത്തെ ക്ഷേമനിയമങ്ങളും അവയുടെ നിർവ്വഹണവും അവലോകനം ചെയ്തുള്ള കമ്മിഷന്റെ മൂന്നാമത് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. കുട്ടികൾ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഇതര സംസ്ഥാനത്തൊഴിലാളികൾ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ ക്ഷേമത്തിനുതകുന്ന നിയമങ്ങളും അവ നടപ്പാക്കുന്നതിലെ ഗുണദോഷങ്ങളും അവലോകനം ചെയ്യുന്ന റിപ്പോർട്ടാണിത്.
പൗരകേന്ദ്രീകൃത സേവനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി നവംബർ 22ന് നെടുമങ്ങാട്ടും 30ന് ആലപ്പുഴയിലും പബ്ലിക് ഹിയറിംഗ് നടത്തും. നെടുമങ്ങാട്ട് 22ന് ഉച്ച കഴിഞ്ഞ് സെമിനാറുണ്ടാകും.
ഇന്നലെ കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അംഗങ്ങളായ സി.പി. നായർ, നീല ഗംഗാധരൻ, മെമ്പർ സെക്രട്ടറി ഷീല തോമസ് എന്നിവർ പങ്കെടുത്തു.