parassala

പാറശാല : ചെങ്കൽ വട്ടവിളയിൽ സി.പി.എമ്മിന്റെ കൊടിമരവും ഫ്ളക്‌സ് ബോർഡുകളും നശിപ്പിച്ചു. വട്ടവിള ജംഗ്‌ഷനിലെ സി.പി.എം ഏരിയാ സെക്രട്ടറിയായിരുന്ന വട്ടവിള തങ്കയ്യന്റെയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് വട്ടവിള ജോർജിന്റെയും സ്‌മൃതി മണ്ഡപത്തിന് മുന്നിലുണ്ടായിരുന്ന കൊടിമരവും ഫ്ളക്സ് ബോർഡുകളുമാണ് തകർത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ 2.15ന് മൂന്ന് ബൈക്കുകളിലെത്തിയവരാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു. സംഭവങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ ഇന്നലെ വട്ടവിളയിൽ പ്രതിഷേധപ്രകടനം നടത്തി.

അഞ്ച് ദിവസം മുമ്പ് നവമി ആഘോഷങ്ങളുടെ ഭാഗമായി ആർ.എസ്.എസ് നടത്തിയ റൂട്ട് മാർച്ചിനോടനുബന്ധിച്ച് വട്ടവിളയിൽ സ്ഥാപിച്ചിരുന്ന കൊടികളും തോരണങ്ങളും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരുന്നു. ഇതിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നാണ് ആർ.എസ്.എസിന്റെ ആരോപണം. മാത്രമല്ല റൂട്ട് മാർച്ചിന് മുമ്പ് സ്ഥലത്തെത്തിയ പൊലീസ് നോക്കി നിൽക്കേയാണ് തങ്ങളുടെ കൊടിതോരണങ്ങൾ മാറ്റിയതെന്നും ആർ.എസ്.എസ് ആരോപിച്ചു.

സംഭവത്തെ തുടർന്ന് സ്ഥലത്ത് ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തി. വട്ടവിളയിലെ അതിക്രമങ്ങളിലെ ഇരു വിഭാഗങ്ങളുടെയും ആക്രമണങ്ങളുടെ സി.സി.ടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും കുറ്റക്കാർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.