river

തിരുവനന്തപുരം: നദീ പുനരുജ്ജീവനവും പുനരുദ്ധാരണവും കേരളത്തിൽ അസാദ്ധ്യമായ കാര്യമല്ലെന്നും പ്രശ്നങ്ങളുണ്ടാവുമ്പോൾ അവ നേരിടാനുള്ള ജനകീയ ഇച്ഛാശക്തി രൂപപ്പെടുത്തിയെടുക്കുകയാണ് വേണ്ടതെന്നും മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. സംസ്ഥാനത്ത് പുഴ വീണ്ടെടുക്കൽ പ്രവർത്തനങ്ങൾക്കായി ജനകീയ ഇടപെടലുകൾ നടത്തിയവരെ പങ്കെടുപ്പിച്ചുകൊണ്ട് ഹരിതകേരളം മിഷൻ സംഘടിപ്പിച്ച ശിൽപ്പശാലയിൽ 'നദീ പുനരുജ്ജീവനം ഭാവി പരിപ്രേക്ഷ്യം' എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പുഴ പുനരുജ്ജീവന പ്രവർത്തനങ്ങൾ ജനകീയമാകുമ്പോൾ കയ്യേറ്റക്കാർക്കുപോലും പിടിച്ചുനിൽക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് നടന്ന നദീ പുനരുജ്ജീവന പ്രവർത്തനങ്ങൾ പ്രളയത്തിന്റെ ആഘാതം കുറക്കുന്നതിൽ കാതലായ പങ്കുവഹിച്ചു എന്ന് ശിൽപ്പശാല ഉദ്ഘാടനംചെയ്ത മന്ത്രി മാത്യു.ടി.തോമസ് അഭിപ്രായപ്പെട്ടു.

ഹരിതകേരളം മിഷൻ എക്സിക്യുട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ.സീമ അദ്ധ്യക്ഷയായിരുന്നു. എം.എൽ.എ മാരായ ടൈസൺ മാസ്റ്റർ, ഐ.ബി.സതീഷ്, ഡോ.എൻ.ജയരാജ്, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.കെ.പ്രശാന്ത്, കണ്ണൂർ കോർപ്പറേഷൻ മേയർ ഇ.പി ലത എന്നിവർ പങ്കെടുത്തു. ഹരിതകേരളം മിഷൻ സാങ്കേതിക ഉപദേഷ്ടാവ് ഡോ.അജയകുമാർ വർമ്മ മോഡറേറ്ററായിരുന്നു.