പാലോട് : പകർച്ചവ്യാധികൾ താണ്ഡവമാടുമ്പോൾ, പ്രതിരോധിക്കാനാവാതെ പകച്ച് നിൽക്കുകയാണ് പെരിങ്ങമ്മല ഇടിഞ്ഞാറിലെ ആദിവാസികൾ. വിട്ടിക്കാവ് സെറ്റിൽമെന്റിൽ സ്ത്രീകളും കുട്ടികളും ഭയന്ന് വിറങ്ങലിച്ച് കഴിയുകയാണ്. ഒന്നര മാസം മുമ്പ് പനിബാധിച്ച് മരിച്ച പെൺകുട്ടിയുടെ അനുജത്തിയും പകർച്ചപനി മൂലം മരണമടഞ്ഞതോടെ ഇനിയാരെയാണ് മരണം തട്ടിയെടുക്കുന്നതെന്ന ആശങ്കയിലാണിവർ.
വിട്ടിക്കാവ്, മുത്തിപ്പാറ, ഇയ്യക്കോട്, ചെന്നല്ലിമൂട്, മുത്തിക്കാണി, ഇലഞ്ചിയം, ഞാറനീലി എന്നിവിടങ്ങളിൽ സാംക്രമിക രോഗങ്ങൾ പെരുകുകയാണെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിനിടെയാണ് ഒരു വീട്ടിലെ രണ്ട് പെൺകുട്ടികളുടെ മരണം. വിദഗ്ദ്ധ സംഘത്തിന്റെ സന്ദർശനവും പരിശോധനയും ഉണ്ടാകുമെന്ന് കരുതിയെങ്കിലും ആരും ഈ വഴി വന്നില്ല. വിട്ടിക്കാവ് കോളനിയിൽ പ്രാഥമികാരോഗ്യ കേന്ദ്രമുണ്ടെന്ന് മേനി പറയാമെന്നല്ലാതെ യാതൊരു പ്രയോജനവുമില്ല. വർഷങ്ങൾക്ക് മുമ്പ് സ്ഥലവാസിയായ സുരേഷ്‌കുമാർ വിട്ടുനൽകിയ ഭൂമിയിൽ പി.എച്ച്.സി കെട്ടിടം നിർമ്മിച്ചെങ്കിലും വൈദ്യുതി പോലുമില്ല. തദ്ദേശ സ്ഥാപനങ്ങളിൽ ആദിവാസികൾ നിവേദനം നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല. ഡോക്‌ടർമാരുടെ സേവനമാകട്ടെ, വർഷത്തിൽ രണ്ടു ദിവസം മാത്രമാണ്. നഴ്‌സ് ആഴ്‌ചയിൽ ഒരു ദിവസം വരും. അവശ്യ മരുന്നുകൾ പോലും കിട്ടാറില്ല. രോഗനിർണയത്തിനുള്ളി സംവിധാനമില്ല. 300ഓളം കുടുംബങ്ങൾ വസിക്കുന്ന ട്രൈബൽ സെറ്റിൽമെന്റിൽ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല. വൈദ്യുതിയില്ലാത്തതിനാലാണ് പി.എച്ച്.സിയെ അവഗണിക്കുന്നതെന്ന് സ്ഥലവാസികൾ പറയുന്നു. കിലോമീറ്ററുകൾ താണ്ടി പെരിങ്ങമ്മലയിലോ പാലോട്ടോ ഉള്ള സർക്കാർ ആശുപത്രികളിലെത്തിയാലേ ഇവർക്ക് ചികിത്സ ലഭിക്കൂ.
ദീപയ്‌ക്ക് ചികിത്സ കിട്ടിയില്ല
ഇന്നലെ മരിച്ച ദീപാചന്ദ്രൻ കഴിഞ്ഞ 23ന് പനി കലശലായതിനെ തുടർന്ന് പാലോട് ഗവണ്മെന്റ് സി.എച്ച്.സിയിൽ ചികിത്സ തേടിയിരുന്നു. ഡോക്ടർ പ്രാഥമിക പരിശോധന നടത്തി ഗുളിക നൽകി മടക്കി അയച്ചു. ഒന്നരമാസം മുമ്പ് പനിബാധിച്ച് മരിച്ച ദീപയുടെ ചേച്ചിക്കും ചികിത്സ ലഭിച്ചിരുന്നില്ലെന്നാണ് പരാതി. ദീപയെ ഇന്നലെ രാവിലെ 8ഓടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്‌ടർ എത്തിയിരുന്നില്ല. സമീപത്തെ സ്വകാര്യ ക്ലിനിക്കിലെ പരിശോധനയ്‌ക്ക് ശേഷം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് പെൺകുട്ടി മരിച്ചത്. ഡോക്‌ടർമാരുടെ അനാസ്ഥയാണ് മക്കളുടെ മരണത്തിന് ഇടയാക്കിയതെന്നാരോപിച്ച് മാതാപിതാക്കൾ പാലോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.