ന്യൂഡൽഹി: മുൻ കേന്ദ്ര ധനകാര്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തെ മുഖ്യപ്രതിയാക്കി എയർസെൽ-മാക്‌സിസ് കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. സി.ബി.ഐ സ്പെഷ്യൽ ജഡ്ജി ഒ.പി. സെയ്‌നി കേസ് നവംബർ 26ന് പരിഗണിക്കാനായി മാറ്റി.
ഇതേ കേസിൽ ജൂൺ 13ന് നൽകിയ ആദ്യ കുറ്റപത്രത്തിൽ ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ഉൾപ്പെടെ നാലുപേരെ പ്രതിചേർത്തിരുന്നു. ചിദംബരത്തെ ഒന്നാംപ്രതിയാക്കി ഇന്നലെ സമർപ്പിച്ച കുറ്റപത്രത്തിൽ 9 പ്രതികളാണുള്ളത്. ചിദംബരത്തിനും മകനും നവംബർ ഒന്നു വരെ മുൻകൂർ ജാമ്യമുണ്ട്.
പ്രതികൾ ഇവർ
ചിദംബരം, എസ്ണ ഭാസ്കരരാമൻ (കാർത്തിയുടെ ചാർട്ടേഡ് അക്കൗണ്ടന്റ്), വി. ശ്രീനിവാസൻ (എയർ സെൽ മുൻ സി.ഇ.ഒ) അഗസ്നസ് റാൽഫ് മാർഷൽ (മാക്‌സിസ്) അസ്ട്രോ ആൾ ഏഷ്യ നെറ്റ് വർക്സ് (മലേഷ്യ), എയർസെൽ ടെലിവെൻചേഴ്സ് ലിമിറ്റഡ്, മാക്‌സിസ് മൊബൈൽ സർവീസസ്, ബുമി അർമഡ ബെർഹാദ്, ബുമി അർമഡ നാവിഗേഷൻ.
കുറ്റവും ശിക്ഷയും
കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ 3, 4 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്ക് പിഴയടക്കം 7 വർഷം വരെ ജയിൽവാസം ലഭിക്കാം. 9 പ്രതികൾക്കും വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡി (എഫ്.ഐ.പി.ബി) ന്റെ തെറ്റായ അനുമതിയിലൂടെ 1.16 കോടി രൂപ കെെക്കൂലിയായി ലഭിച്ചു. വിദേശ നിക്ഷേപകനായ ഗ്ളോബൽ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഹോൾഡിംഗ് ലിമിറ്റഡിനാണ് അനുമതി ലഭിച്ചത്. ഇത് മൗറീഷ്യസ് ആസ്ഥാനമായ കമ്പനിയാണ്.
ചിദംബരം ചെയ്ത കുറ്റം
കേന്ദ്രത്തിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപ പോളിസി പ്രകാരം കേന്ദ്ര ധനകാര്യമന്ത്രിക്ക് 600 കോടി രൂപ വരെയുള്ള നിക്ഷേപം അനുവദിക്കാനേ അനുവാദമുള്ളൂ. അതിൽ കൂടുതൽ ഉള്ളതിന് സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയുടെ അനുമതി വേണം. എന്നാൽ ഗ്ളോബൽ കമ്മ്യൂണിക്കേഷൻസിന് 3560 കോടി നിക്ഷേപം നടത്താൻ 2006ൽ യു.പി.എ സർക്കാരിൽ ധനമന്ത്രിയായിരിക്കെ ചിദംബരം അനുമതി നൽകി. ഇത് കാബിനറ്റ് കമ്മിറ്റിക്ക് വിടാതെയാണ് തീരുമാനമെടുത്തത്. ഇതിന്റെ പിന്നിൽ ഗൂഢാലോചന നടന്നതായാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിരിക്കുന്ന കുറ്റം.
കാർത്തിയുടെ 'കമ്പനികൾ'
ഈ ഇടപാടിൽ കാർത്തിയുമായി ബന്ധമുള്ള ചെന്നൈയിലെ എ.എസ്.സി.എൽ കമ്പനിക്ക് 26 ലക്ഷം രൂപയും ചെസ് മാനേജ്മെന്റിന് 87 ലക്ഷം രൂപയും ലഭിച്ചു. മാർക്കറ്റ് റിസർച്ച് ഫീസ്, സോഫ്റ്റ്‌വെയർ ഫീസ് എന്നീ പേരുകളിലാണ് പണം നൽകിയത്. കാർത്തി അങ്ങനെയൊരു സേവനം നൽകിയിട്ടേയില്ലെന്നാണ് എൻഫോഴ്സ്‌മെന്റ് വാദം.
കാർത്തിയെയും അസോസിയേറ്റുകളെയും റെയ്ഡ് ചെയ്തതിൽ നിന്ന് ലഭിച്ച ഇ-മെയിലുൾപ്പെടെ ഡിജിറ്റൽ തെളിവുകളും ധനമന്ത്രാലയത്തിൽ നിന്നും മറ്റു സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമുള്ള രേഖകളും പ്രകാരമാണ് ചിദംബരത്തെ പ്രതിയാക്കിയത്.