യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്റർമിലാനെ

കീഴടക്കി ബാഴ്സലോണ

ലിവർപൂളിനും ബാെറൂഷ്യയ്ക്കും ജയം,

അത്‌ലറ്റിക്കോ തോറ്റു

ബാഴ്സലോണ : സൂപ്പർതാരം ലയണൽ മെസി ഇല്ലാതെ ഇറങ്ങിയിട്ടും യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ ഇറ്റാലിയൻ ക്ളബ് ഇന്റർമിലാനെതിരെ സ്പാനിഷ് ക്ളബ് ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബാഴ്സ ഇന്ററിനെ മറികടന്നത്. ആദ്യപകുതിയിൽ റഫീഞ്ഞയും രണ്ടാം പകുതിയിൽ ജോർഡി അൽബയുമാണ് ബാഴ്സയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. കൈയ്ക്ക് പരിക്കേറ്റ ലയണൽ മെസി മകനുമൊത്ത് ഗാലറിയിലിരുന്നാണ് കളി കാണാനെത്തിയത്.

മെസിക്ക് പകരക്കാരനായി പ്ളേയിംഗ് ഇലവനിലേക്കെത്തിയ മുൻ ഇന്റർതാരം കൂടിയായ റഫീഞ്ഞ ഗോളടിയിലും മെസിയുടെ പകരക്കാരനാവുകയായിരുന്നു. 32-ാം മിനിട്ടിൽ ലൂയിസ് സുവാരസിന്റെ തകർപ്പൻ ക്രോസ് വലയിലേക്ക് തട്ടിയിടുകയായിരുന്നു. 83-ാം മിനിട്ടിൽ ഇവാൻ റാക്കിറ്റിച്ചിന്റെ പാസിൽ നിന്നാണ് അൽബ ബഴ്സയുടെ രണ്ടാം ഗോൾ നേടിയത്.

ഇതോടെ ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങളും ജയിച്ച് ഒൻപത് പോയിന്റുമായി ബാഴ്സലോണ ഒന്നാമതായി. ആറുപോയിന്റുള്ള ഇന്റർമിലാനാണ് രണ്ടാംസ്ഥാനത്ത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ടോട്ടൻ ഹാം പി.എസ്.വി ഐന്തോവനോട് 2-2ന് സമനിലയിൽ പിരിഞ്ഞു.

ഗ്രൂപ്പ് സിയിൽ സെർബിയൻ ക്ളബ് ക്രെവ്ന സ്വെസ്‌ഭയെ എതിരില്ലാത്ത നാലുഗോളുകൾക്ക് കീഴടക്കി ലിവർപൂൾ ഒന്നാമതെത്തി. ലിവർപൂളിന് വേണ്ടി രണ്ട് ഗോളുകൾ നേടിയ ഇൗജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലാ ക്ളബിനുവേണ്ടി 50 ഗോളുകളും തികച്ചു. റോബർട്ടോ ഫിർമിനോയും സാഡിയോ മാനേയുമാണ് മറ്റ് ഗോളുകൾ നേടിയത് 20-ാം മിനിട്ടിൽ ഫിർമിനോയുടെ ഗോളിലൂടെയാണ് ലിവർപൂൾ സ്കോറിംഗ് തുടങ്ങിയത്. 45-ാം മിനിട്ടിലായിരുന്നു സലായുടെ ആദ്യഗോൾ. 51-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ വീണ്ടും സ്കോർ ചെയ്തു. 80-ാം മിനിട്ടിലായിരുന്നു മാനോയുടെ ഗോൾ. മൂന്ന് മത്സരങ്ങളിൽനിന്ന് ആറ് പോയിന്റാണ് ലിവർപൂളിനുള്ളത്. നെയ്‌മറുടെ പാരീസ് എസ്.ജിയെ 2-2ന് സമനിലയിൽ തളച്ച ഇറ്റാലിയൻ ക്ളബ് നാപ്പോളിയാണ് ഗ്രൂപ്പിൽ രണ്ടാംസ്ഥാനത്ത് 29-ാം മിനിട്ടിൽ ഇർസൈൻ നേടിയ ഗോളിന് നാപ്പോളിയാണ് ആദ്യം മുന്നിലെത്തിയത്. 61-ാം മിനിട്ടിൽ മരിയോ റൂയിയുടെ സെൽഫ് ഗോളിലൂടെ പി.എസ്.ജി ആദ്യം സമനിലപിടിച്ചു. 77-ാം മിനിട്ടിൽ മെർട്ടെൻസ് നാപ്പോളിയെ പിന്നെയും മുന്നിലെത്തിച്ചെങ്കിലും ഇൻജുറി ടൈമിലെ ഏൻജൽഡിമരിയയുടെ ഗോളിലൂടെ പി.എസ്.ജി തോൽവിയിൽ നിന്ന് രക്ഷപ്പെട്ടു.

മുൻ ഫൈനലിസ്റ്റുകളായ അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തറ പറ്റിച്ച് ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട് മുണ്ട് ഗ്രൂപ്പ് എ യിൽ ഒന്നാമതെത്തി. ബൊറൂഷ്യയുടെ സീസണിലെ മൂന്നാം ജയമാണിത്. വിറ്റ്സൽ, റാഫേൽ ഗ്വിറേറോ, സാഞ്ചോ എന്നിവരാണ് ബൊറൂഷ്യയ്ക്കുവേണ്ടി സ്കോർ ചെയ്തത് ഗ്വിറേറോ ഇരട്ടഗോൾ നേടി.

മത്സരഫലങ്ങൾ

ബാഴ്സലോണ 2-ഇന്റർ 0

ബൊറൂഷ്യ 4 -അത്‌ലറ്റിക്കോ 0

ഗലറ്റസറി 0 -ഷാൽക്കെ 0

ലിവർപൂൾ 4 - ക്രെവ്‌ന 0

ലോക്കോമോട്ടീവ് 1- പോർട്ടോ 3

പി.എസ്.ജി 2-നാപ്പോളി 2

പി.എസ്.വി 2-ടോട്ടൻഹാം 2

ക്ളബ് ബ്രുഗെ 1-മൊണാക്കോ 1