വിഴിഞ്ഞം: ശംഖുമായി സ്പോഞ്ചിൽ ജീവിക്കുന്ന അപൂർവയിനം സന്യാസി ഞണ്ടിനെ വിഴിഞ്ഞം തീരക്കടലിൽ കണ്ടെത്തി. ലോകത്ത് തന്നെ അപൂർവമായാണ് ശംഖുമായി ജീവനുള്ള സ്പോഞ്ച് ഇനത്തിൽപ്പെട്ട കടൽ ജീവിക്കുള്ളിലെ ഞണ്ടുകളെ കണ്ടെത്തുന്നത്. കേരള സർവ്വകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ് പ്രൊഫസർ ഡോ.എ. ബിജുകുമാർ, ഡോ. രവിനേഷ് എന്നിവരും ഉന്നത വിദ്യാഭ്യാസ കൗൺസിൽ നടപ്പിലാക്കുന്ന എറുഡിറ്റ് പദ്ധതിയുടെ ഭാഗമായി സർവകലാശാലയിൽ എത്തിയ ജപ്പാനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ക്യൂരേറ്റർ കൊമായിയും ചേർന്നാണ് ഇതിനെ കണ്ടെത്തിയത്. ഞണ്ടിന്റെ വിവരങ്ങൾ അന്താരാഷ്ട്ര ഗവേഷണ ജേർണലായ സൂ ടാക്സയുടെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തങ്ങളുടെ മൃദുവായ ശരീരം ഇരപിടിയന്മാരിൽ നിന്നും സംരക്ഷിക്കുന്നതിനായി ഉറപ്പുള്ള ഒഴിഞ്ഞ ശംഖുകൾക്കുള്ളിൽ ഇവ കയറി കൂടുന്നത്. ഇവ വളരുന്നതോടൊപ്പം വലിയ ശംഖു കളിലേക്ക് മാറും. മഞ്ഞകലർന്ന വെള്ള നിറം ഉള്ള ഇവയ്ക്ക് കാലിൽ കുറുകെ കറുത്ത പൊട്ടുകൾ ഉണ്ട്. പൂർണ്ണ വളർച്ച എത്തിയ ഞണ്ടിന് 5 മില്ലിമീറ്റർ മാത്രമാണ് പരമാവധി നീളം.