india-windies-oneday

മുംബയ് : കാര്യവട്ടത്തേത് ഉൾപ്പെടെ ഇന്ത്യയും വിൻഡീസും തമ്മിൽ അവശേഷിക്കുന്ന മൂന്ന് ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് പേർസമാരായ ഭുവനേശ്വർ കുമാറിനെയും ജസ്‌പ്രീത് ബുംറയെയും ഉൾപ്പെടുത്തി. ആദ്യ രണ്ട് മത്സരങ്ങൾ കളിച്ച മുഹമ്മദ് ഷമിയെ ഒഴിവാക്കി.

ഐ.സി.സി ഏകദിന റാങ്കിംഗിലെ ഒന്നാംസ്ഥാനക്കാരനായ ബുംറയ്ക്കും ഇംഗ്ളണ്ട് പര്യടനത്തിൽ നേരിയ പരിക്കേറ്റിരുന്ന ഭുവനേശ്വറിനും ആദ്യ രണ്ട് മത്സരങ്ങളിൽ വിശ്രമം അനുവദിച്ചിരിക്കുകയായിരുന്നു. ഷമി ആദ്യ മത്സരങ്ങളിൽ റൺ വഴങ്ങിയതോടെയാണ് പുറത്തായത്. യുവ പേസർമാരായ ഖലീൽ അഹമ്മദിനെയും ഉമേഷ് യാദവിനെയും നിലനിറുത്തിയിട്ടുണ്ട്.

വിരാട് കൊഹ്‌ലി നയിക്കുന്ന ടീമിൽ ബാറ്റിംഗ് നിരയിൽ മാറ്റങ്ങളില്ല. കൗമാരതാരം പൃഥ്വിഷായ്ക്ക് ഏകദിന അരങ്ങേറ്റത്തിന് അവസരം നൽകുമെന്ന് സൂചനകളുണ്ടായിരുന്നുവെങ്കിലും സെലക്ടർമാർ അതിന് തുനിഞ്ഞില്ല. നവംബർ ഒന്നിനാണ് കാര്യവട്ടം സ്‌പോർട് ഹബിൽ അവസാന ഏകദിനം നടക്കുന്നത്. മൂന്നാം ഏകദിനം നാളെ പൂനെയിൽ നടക്കും.

ഇന്ത്യൻ ടീം

വിരാട് കൊഹ്‌ലി (ക്യാപ്ടൻ), രോഹിത് ശർമ്മ (വൈസ് ക്യാപ്ടൻ), ശിഖർ ധവാൻ, അമ്പാട്ടി റായ്ഡു, മനീഷ് പാണ്ഡെ, ധോണി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ജസ്‌പ്രിത് ബുംറ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ഖലീൽ അഹമ്മദ് , ലോകേഷ് രാഹുൽ , ഉമേഷ് യാദവ്.

വിൻഡീസിന് പുതിയ ഹോപ്പ്

വിശാഖപട്ടണം : ആദ്യ ഏകദിനത്തിലെ വൻ പരാജയത്തിൽനിന്ന് വിശാഖപട്ടണത്തെ സമനിലയോടെ തിരിച്ചെത്തിയ വെസ്റ്റ് ഇൻഡീസിന് പര്യടനത്തിൽ പിടിച്ചുനിൽക്കാമെന്ന് പ്രതീക്ഷകൾ. ബാറ്റിംഗിന് അനുകൂലമായ ഇന്ത്യൻ പിച്ചുകളിൽ രണ്ട് മത്സരങ്ങളിലും 300 ലേറെ റൺസ് സ്കോർ ചെയ്യാനായതാണ് കരീബിയൻ നിരയ്ക്ക് ആശ്വാസമാകുന്നത്.

ആദ്യമത്സരത്തിൽ സെഞ്ച്വറിയും രണ്ടാം മത്സരത്തിൽ 94 റൺസും നേടിയ ഹെട്‌മെയർ മികച്ച ഫോമിലാണ്. അതിവേഗത്തിൽ സ്കോർ ചെയ്യാനുള്ള കഴിവാണ് ഹെട്‌മെയറെ വ്യത്യസ്തനാക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ (123 നോട്ടൗട്ട്) വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഷായ് ഹോപ്പ് ആദ്യമത്സരത്തിൽ 32 റൺസടിച്ചിരുന്നു. കിരൺ പവൽ, റോവ്‌മാൻ പവൽ എന്നിവർക്കൊപ്പം വെറ്ററൻ ബാറ്റ്സ് മാൻ മർലോൺ സാമുവൽസ് കൂടി ഫോമിലെത്തിയാൽ ഇന്ത്യയ്ക്ക് വെല്ലുവിളിയാകാമെന്ന് വിൻഡീസ് ക്യാപ്ടൻ ജാസൺ ഹോൾഡർ കരുതുന്നു.

ബൗളിംഗാണ് വിൻഡീസിന്റെ പ്രശ്നം. പേസർമാരും സ്പിന്നർമാരും ഒരുപോലെ നിരാശപ്പെടുത്തുകയാണ്. ഹോൾഡർ, കെമർറോഷ്, നഴ്സ്, ബിഷു എന്നിവരൊക്കെ നന്നായി റൺസ് വഴങ്ങുന്നുണ്ട്