തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ സംസ്ഥാനത്ത് റഗുലർ സർവീസിന് ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ 10 ബസുകൾ പമ്പയിൽ ഓടിത്തുടങ്ങും. എ.സി, നോൺ എ.സി ബസുകൾ രണ്ട് മിനിട്ട് ഇടവിട്ട് തുടർച്ചയായി പമ്പ-നിലയ്ക്കൽ പാതയിൽ ഓടിക്കും. പമ്പ- നിലയ്ക്കൽ ചെയിൻ സർവീസുകളിൽ നിന്ന് കണ്ടക്ടർമാരെ ഒഴിവാക്കുമെന്നും എം.ഡി ടോമിൻ തച്ചങ്കരി അറിയിച്ചു.
ടിക്കറ്റ് പരിശോധിച്ച് യാത്രക്കാരെ ബസിൽ കയറ്റും. നേരിട്ട് ടിക്കറ്റ് എടുക്കാൻ കഴിയുന്ന കിയോസ്‌കുകളും ലഭ്യമാക്കും. ക്യൂ.ആർ കോഡ് ഉള്ള ടിക്കറ്റ് സംവിധാനമാണ് സജ്ജീകരിക്കുന്നത്. പമ്പയിലും നിലയ്ക്കലിലും 15 ടിക്കറ്റ് കൗണ്ടറുകൾ പുതിയതായി തുടങ്ങും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി ടിക്കറ്റ് എടുക്കാൻ കഴിയും. പമ്പയിൽ നിന്നു നിലയ്ക്കലിലേക്കുള്ള ബസുകൾക്ക് ഇടയ്ക്ക് സ്റ്റോപ്പില്ല. വഴിയിൽ നിന്നു യാത്രക്കാരെ കയറ്റാറുമില്ല. ടിക്കറ്റ് മുൻകൂട്ടി നൽകുകയാണെങ്കിൽ കണ്ടക്ടറുടെ ആവശ്യമില്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിലയിരുത്തൽ. മണ്ഡല മകരവിളക്ക് കാലത്തെ ബസ് സർവീസുകൾ പൂർണമായും ഓൺലൈൻ ടിക്കറ്റ് വിതരണ സംവിധാനത്തിലേക്ക് ഉൾക്കൊള്ളിച്ചിട്ടുണ്ട്. പൊലീസിന്റെ വിർച്വൽ ക്യൂ സംവിധാനവുമായി ബന്ധപ്പെടുത്തിയാണ് ഓൺലൈൻ ടിക്കറ്റ് സംവിധാനവും പ്രവർത്തിക്കുന്നത്. ഓൺലൈൻ ടിക്കറ്റ് എടുക്കുന്നവർക്ക് ദർശനത്തിനുള്ള പൊലീസിന്റെ വിർച്വൽ ടിക്കറ്റും ലഭിക്കും. തിരക്ക് കണക്കിലെടുക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയും. ബസുകളിൽ ജി.പി.എസ് സംവിധാനം ഏർപ്പെടുത്തുമെന്നും തച്ചങ്കരി അറിയിച്ചു.