തിരുവനന്തപുരം: തൈക്കാട് സംഗീത കോളേജിന്റെ പരിസരത്തുനിന്ന് ഒരു കോടി എൺപത് ലക്ഷം രൂപ വില വരുന്ന 2 കിലോയോളം ഹാഷിഷ് ഒായിലുമായി മൂന്ന് പേർ എക്സൈസ് സംഘത്തിന്റെ പിടിയിലായി. ഇടുക്കി ദേവികുളം മന്നാങ്കണ്ടം അടിമാലി പാറതാഴത്ത് വീട്ടിൽ മൂർഖൻ ഷാജി എന്ന് വിളിക്കുന്ന ഷാജി (48), ഇടുക്കി ദേവികുളം കൊന്നത്തടി പെരിഞ്ചാംകുട്ടയിൽ മൂലേ പറമ്പിൽ വീട്ടിൽ മെൽബിൻ (43), ഇടുക്കി ദേവികുളം മന്നാങ്കണ്ടം അടിമാലി ചെറുകുഴിയിൽ രാജേഷ് (43) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മേയിൽ മണ്ണന്തലയിൽ നിന്ന് പിടിക്കപ്പെട്ട 10 കിലോ ഹാഷിഷ് ഈ കേസിലെ ഒന്നാംപ്രതിയായ മൂർഖൻ ഷാജി വഴിയാണ് കേരളത്തിലെത്തിയതെന്ന് എക്സൈസ് അന്വേഷണത്തിൽ വ്യക്തമായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ ഹാഷിഷ് കേരളത്തിലേക്കു കടത്തുന്നതിലെ പ്രധാന കണ്ണിയാണ് ഷാജി. ഹാഷിഷ് കടത്തുന്നതിന്റെ ഇടനിലക്കാരനാണ് മെൽബിൻ. സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാർ, എക്സൈസ് ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, പ്രിവന്റീവ് ഒാഫീസർ ആർ. സുനിൽ കുമാർ, സിവിൽ എക്സൈസ് ഒാഫീസർമാരായ എസ്. കൃഷ്ണപ്രസാദ്, എസ്. ശിവൻ, ആർ. രാജേഷ്, എസ്. ഷംനാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഹാഷിഷ് പിടികൂടിയത്.