തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിവാദത്തിൽ പത്തനംതിട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കടന്നാക്രമണം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അതേ തീവ്രതയിൽ മുന്നോട്ട് കൊണ്ടുപോകാൻ സി.പി.എമ്മും ഇടത് നേതൃത്വവും തീരുമാനിച്ചു. മൂന്ന് ജില്ലകളിലെ രാഷ്‌ട്രീയ വിശദീകരണ യോഗങ്ങളിൽ മാത്രം മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാനുള്ള നീക്കം മാറ്റി ഒൻപത് ജില്ലകളിൽ മുഖ്യമന്ത്രിയെ പ്രസംഗിപ്പിക്കാനാണ് പുതിയ തീരുമാനം.ആലപ്പുഴയും കാസർകോടും ഇടുക്കിയും വയനാടും മലപ്പുറവും ഒഴിച്ചുള്ള ജില്ലകളിലെല്ലാം മുഖ്യമന്ത്രി പ്രസംഗിക്കും.
വിശ്വാസത്തിന് പോറലേല്പിക്കാതെ, സവർണാധികാരത്തെയും ദുരാചാരങ്ങളെയും ചോദ്യം ചെയ്‌ത്, മറ്റൊരു സാമൂഹ്യ പരിഷ്‌കാര കാഹളത്തിന്റെ പ്രതീതി ഉണർത്തി സത്യങ്ങൾ നിശിതമായി വിളിച്ചു പറഞ്ഞ പത്തനംതിട്ട തന്ത്രം ഫലമുണ്ടാക്കിയെന്ന് നേതൃത്വം കരുതുന്നു. രാജകുടുംബത്തെയും തന്ത്രിമാരെയും സംഘപരിവാറിനെയും വിമർശിച്ചതിലൂടെ മതനിരപേക്ഷതയും പുരോഗമനചിന്തയുമുള്ള വിഭാഗത്തിൽ സർക്കാരും ഇടത് നേതൃത്വവും സ്വീകാര്യത നേടി. നാമജപ ഘോഷയാത്രയും മറ്റും സൃഷ്ടിച്ച തീവ്രവൈകാരികതയുടെ അന്തരീക്ഷം തണുപ്പിച്ച് വിശ്വാസി സമൂഹത്തിലും ചെറുചലനങ്ങളുണ്ടാക്കാൻ സാധിച്ചെന്നാണ് വിലയിരുത്തൽ. പത്തനംതിട്ടയിലും ഇന്നലെ കോട്ടയത്തും മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് കിട്ടിയ കൈയടി നേതൃത്വത്തിന് ആത്മവിശ്വാസമേകുന്നുണ്ട്.
ഇതിന് പുറമേയാണ് പൊലീസിന്റെ ശക്തമായ നടപടി. സമൂഹത്തിനാകെ ഭീഷണി ഉയർത്തി ആസൂത്രിതമായി കലാപമുണ്ടാക്കുന്നതിന് സമാനമായ രീതിയിൽ ശബരിമലയിൽ അക്രമസമരം നടത്തിയവരെ വ്യാപകമായി അറസ്റ്റ് ചെയ്യുകയാണ് പൊലീസ്. ഇതിലൂടെ വിശ്വാസത്തിന്റെ മറവിൽ കലാപമുണ്ടാക്കാനുള്ള സംഘപരിവാറിന്റെ ഗൂഢാലോചനയാണ് ശബരിമലയിൽ അരങ്ങേറിയതെന്ന് രാഷ്ട്രീയമായി സ്ഥാപിച്ചെടുക്കാനുമായി. സംഘപരിവാറിനെതിരായ കടന്നാക്രമണം സന്ദേഹിച്ചുനിന്ന മതന്യൂനപക്ഷങ്ങളുടെയും വിശ്വാസമാർജിക്കാൻ ഇടവരുത്തിയെന്ന് സി.പി.എം കരുതുന്നു.
സംഘപരിവാർ ഇതിനെ മറികടക്കാനുള്ള ബദൽതന്ത്രങ്ങളിലേക്ക് വരുംദിവസങ്ങളിൽ കടന്നേക്കും. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നാളെ തിരുവനന്തപുരത്ത് നേതാക്കളുമായി നടത്തുന്ന ചർച്ചയിൽ ശബരിമല മുഖ്യവിഷയമാകും.ശബരിമലയിൽ വിശ്വാസിവികാരത്തെ സംഘപരിവാർചൂഷണം ചെയ്യുന്നത് മറികടക്കാൻ ബദൽ തന്ത്രങ്ങളുമായി കോൺഗ്രസും യു.ഡി.എഫും നീങ്ങുകയാണ്.