സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സിന് ഇന്ന്
തലസ്ഥാനത്ത് തുടക്കം
തിരുവനന്തപുരം : കേരളത്തെ കടപുഴക്കി കടന്നുപോയ പ്രളയം സംസ്ഥാന സ്കൂൾ കായിക മേളയുടെ ആഘോഷശോഭയ്ക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ടാകാം എന്നാൽ ട്രാക്കിലെയും ഫീൽഡിലെയും പോരാട്ട വീര്യത്തിന്റെ ചൂട് കുറയ്ക്കാൻ ഒരു പെരുമഴയ്ക്കുമാവില്ല എന്ന് തെളിയിക്കാൻ സംസ്ഥാനത്തിന്റെ കായിക കൗമാരം ഇന്നുമുതൽ തലസ്ഥാന നഗരിയിൽ കുതിപ്പിനിറങ്ങുകയാണ്; നവകേരള നിർമ്മിതിക്ക് ഉൗർജ്ജംപകരാൻ കായിക രംഗത്തെ പുതുനാമ്പുകളുടെ കുതിപ്പിന് കഴിയുമെന്ന പ്രതീക്ഷയോടെ.
പ്രളയം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സ്കൂൾ കായിക മേളയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. സാധാരണ അഞ്ചുദിവസമായി നടത്തുന്ന മീറ്റ് ഇത്തവണ മൂന്നുദിവസം മാത്രമേയുള്ളൂ. ജില്ലാതലത്തിൽ ആദ്യമൂന്ന് സ്ഥാനത്തെത്തുന്നവർക്ക് സംസ്ഥാന തലത്തിൽ മത്സരിക്കാനാകുമായിരുന്നു. ഇത്തവണ ആദ്യ രണ്ട് സ്ഥാനക്കാർക്ക് മാത്രമേ അവസരമുള്ളൂ. ഉദ്ഘാടനത്തിനും സമാപനത്തിനും ആഘോഷച്ചടങ്ങുകൾ ഉണ്ടാവില്ല. വിജയികൾക്ക് മെഡലും സമ്മാനിക്കുന്നില്ല. ഒാവറാൾ ചാമ്പ്യൻമാർക്കും ബെസ്റ്റ്സ് കൂളിനുമൊന്നും ട്രോഫിയും നൽകില്ലെന്നാണ് തീരുമാനം.
താരങ്ങളെത്തി
ആരവം ഉയർന്നു
കായിക മാമാങ്കത്തിൽ മാറ്റുരയ്ക്കാനുള്ള താരങ്ങൾ ഇന്നലെ വൈകുന്നേരത്തോടെ തലസ്ഥാന നഗരിയിലേക്ക് എത്തി വൈകിട്ട് മിക്ക സ്കൂളുകളിൽ നിന്നുമുള്ള താരങ്ങൾ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ പരിശീലനവും നടത്തി.
കഴിഞ്ഞവർഷം പാലായിൽ നടന്ന മീറ്റിൽ 34 സ്വർണവും 16 വെള്ളിയും 21 വെങ്കലവും ഉൾപ്പെടെ 258 പോയിന്റുകൾ നേടി ഒാവറാൾ ചാമ്പ്യൻമാരായത് എറണാകുളം ജില്ലയായിരുന്നു. 22 സ്വർണമടക്കം 185 പോയിന്റ് നേടി പാലക്കാട് രണ്ടാംസ്ഥാനവും എട്ട് സ്വർണമടക്കം 109 പോയിന്റ് നേടി കോഴിക്കോട് മൂന്നാംസ്ഥാനവും നേടിയിരുന്നു. ഇക്കുറിയും കിരീടം നിലനിറുത്താൻ ഉദ്ദേശിച്ചാണ് എറണാകുളത്തിന്റെ വരവ്. കോതമംഗലത്തുനിന്നുള്ള സെന്റ് ജോർജ് എച്ച്.എസ്.എസ്, മാർബേസിൽ, മതിരപ്പള്ളി, എച്ച്.എസ്.എസ് തുടങ്ങിയ സ്കൂളുകളിലാണ് എറണാകുളത്തിന്റെ പ്രതീക്ഷകൾ. പറളി, കല്ലടി സ്കൂളുകളുടെ പിൻബലമാണ് പാലക്കാടിന്റെ കരുത്ത്. പുല്ലൂരാംപാറയിൽ നിന്നും ഉഷസ്കൂളിൽ നിന്നുമുള്ള കുട്ടികളാണ് കോഴിക്കോടൻ കുതിപ്പിന്റെ പതാകാവാഹകർ.
ബെസ്റ്റ് സ്കൂളാകാൻ
ഏറ്റവും മികച്ച സ്കൂൾ എന്ന പട്ടത്തിനായി ഇത്തവണയും കടുത്ത പോരാട്ടം തന്നെ നടക്കും. പാലായിൽ 13 സ്വർണം നേടി മാർബേസിലാണ് ബെസ്റ്റ് സ്കൂളിനുള്ള ട്രോഫി നേടിയിരുന്നത്. ഇത്തവണയും മികച്ച താരനിരയെ മാർബേസിൽ അണിനിരത്തുന്നുണ്ട്. എന്നാൽ എറണാകുളം റവന്യൂ ജില്ലാമീറ്റിൽ മാർബേസിലെ മറിച്ച് സെന്റ്ജോർജസ് ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചിരുന്നു. കഴിഞ്ഞതവണ ഏഴ് സ്വർണവുമായി ആറാമതായിപ്പോയ സെന്റ് ജോർജസ് പരിശീലകൻ രാജുപോളിന് കീഴിൽ 25 അംഗ സംഘവുമായാണ് തലസ്ഥാനത്തേക്ക് മാർച്ച് ചെയ്തിരിക്കുന്നത്. ഇതിൽ എട്ടുപേർ മണിപ്പൂരിൽനിന്നുള്ളവരാണ്. കഴിഞ്ഞ സ്കൂൾ മീറ്റുകളിൽ സബ് ജൂനിയർ വിഭാഗത്തിൽ മിന്നൽപ്പിണറായിരുന്ന വാരിഷ് ബോഹിമയൂം തങ്കജം തുടങ്ങിയവർ സെന്റ് ജോർജസിന്റെ മണിപ്പൂരി സംഘത്തിലുണ്ട്. പി.ജി. മനോജിന്റെ പറളി സ്കൂൾ തങ്ങളുടേതായ ഇനങ്ങളിൽ മെഡൽ നേടാൻ പ്രാപ്തിയുള്ളവരാണ്. പി.യു. ചിത്ര പഠിച്ചിറങ്ങിയ മുണ്ടൂർ എച്ച്.എസിൽ നിന്നും കല്ലടി കുമരംപുത്തൂർ സ്കൂളിൽ നിന്നും പുതുതലമുറതാരങ്ങൾ എത്തിയിട്ടുണ്ട്.
ആദ്യ ദിനം 31 ഫൈനലുകൾ
മൂന്നുദിവസമായി നടക്കുന്ന മീറ്റിൽ ആകെ 96 ഫൈനലുകളാണുള്ളത്. ഇതിൽ 31 എണ്ണം ആദ്യദിനത്തിൽത്തന്നെ നടക്കും. അണ്ടർ-14, 17, 19 ഇനങ്ങളിലായാണ് മത്സരങ്ങൾ. ഇന്നുരാവിലെ ഏഴുമണിക്ക് 17 വയസിൽ താഴെയുളല്ള ആൺകുട്ടികളുടെ 3000 മീറ്ററോടെയാണ് മേളയ്ക്ക് തുടക്കമാകുന്നത്. 19 വയസിൽ താഴെയുള്ള ആൺകുട്ടികളുടെയും 17 വയസിൽ താഴെയുള്ള പെൺകുട്ടികളുടെയും 3000 മീറ്ററുകൾ ട്രാക്കിൽ തുടർന്ന് നടക്കും..
രാവിലെ 9ന് ഡി.പി.ഐ കെ.വി. മോഹൻകുമാർ പതാക ഉയർത്തും. നഗരത്തിലെ 17 സ്കൂളുകളിലായാണ് താരങ്ങൾക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
400 മീറ്റർ, ലോംഗ് ജമ്പ്, പോൾവാട്ട്, ഹർഡിൽസ്, ഡിസ്‌കസ് ത്രോ, ജാവലിൻ ത്രോ ഇനങ്ങളിൽ വിവിധ ഏജ് കാറ്റഗറികളിലായി ഇന്ന് ഫൈനലുകൾ നടക്കും
നാഡയുണ്ട്, സൂക്ഷിക്കണം
കഴിഞ്ഞസ്കൂൾ കായികമേളയിൽ ഉത്തേജകമരുന്ന് വിവാദം നാണക്കേടായ സാഹചര്യത്തിൽ ഇക്കുറി ഉത്തേജക പരിശോധനയ്ക്കായി ദേശീയ ആന്റി ഡോപ്പിംഗ് ഏജൻസി (നാഡ) എത്തു.
പാലാമേളയിൽ പങ്കെടുത്ത മൂന്നുപേർക്ക് നാഡ നോട്ടീസ് അയച്ചിരുന്നു. സ്കൂൾ മേളയിൽ ആദ്യമായിരുന്നു മരുന്നടി പിടിക്കുന്നത്.
സബ് ജൂനിയർ ജൂനിയർ, സീനിയർവിഭാഗങ്ങളിലായി നടക്കുന്ന ദേശീയ സ്കൂൾ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പുകൾക്കുള്ള കേരളടീമിനെ ഇൗ മേളയിൽ നിന്ന് തിരഞ്ഞെടുക്കും. ദേശീയ സബ് ജൂനിയർ സ്കൂൾ അത്‌ലറ്റിക്സ് ഹരിയാനയിലെ പഞ്ച് കുളയിലും ജൂനിയർ പാറ്റ്നയിലും സീനിയർ ഡൽഹിയിലുമാണ് നിശ്ചയിച്ചിരിക്കുന്നത്.
1.68
കോടിരൂപയാണ് സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സ്, ഗെയിംസ് മത്സരങ്ങൾക്ക് സർക്കാർ നീക്കിവച്ചിരിക്കുന്നത് എങ്കിലും പരമാവധി ചെലവ് ചുരുക്കി ബാക്കി തിരിച്ചയയ്ക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
'പ്രത്യേക സാഹചര്യത്തിൽ പരമാവധി ചെലവു ചുരുക്കിയാണ് മേള നടത്തുന്നത്. ദേശീയ ചാമ്പ്യൻഷിപ്പിനുള്ള കുട്ടികളെ തിരഞ്ഞെടുക്കുകയാണ് പ്രധാനം. നാഡയുടെ പരിശോധന കർശനമായിരിക്കും. എല്ലാവരുടെയും സഹകരണത്തോടെ മൂന്നുദിവസമായി നടക്കുന്ന മേള വിജയമാക്കിമാറ്റും.
ഡോ. ചാക്കോ ജോസഫ്
ഡെപ്യൂട്ടി ഡയറക്ടർ
സ്കൂൾ സ്പോർട്സ് ആൻഡ് ഗെയിംസ്.