petrol-bomp

തിരുവനന്തപുരം: എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഒാഫീസിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. ജനാലചില്ലുകളും ഇരുചക്രവാഹനങ്ങളും അടിച്ചുതകർത്ത അക്രമിസംഘം വ്യാപകമായ ആക്രമണം അഴിച്ചുവിട്ടു. കണ്ടാലറിയാവുന്ന എസ്.എഫ്‌.ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കാര്യാലയത്തിലുണ്ടായിരുന്ന ബി.ജെ.പി പ്രവർത്തകർ ആരോപിച്ചു.

ഇന്നലെ പുലർച്ചെ 12 മണിയോടെയാണ് സംഭവം. മൂന്നു ബൈക്കുകളിലെത്തിയ അക്രമി സംഘം വഞ്ചിയൂർ ധർമദേശം ലെയ്നിലെ 'സുപ്രഭ'യിൽ പ്രവർത്തിക്കുന്ന എ.ബി.വി.പി ഓഫീസ് ആക്രമിക്കുകയായിരുന്നു. എ.ബി.വി.പി ഓഫീസെന്ന് തെറ്റിദ്ധരിച്ച് സമീപത്തെ വീട്ടിലാണ് ആദ്യം ആക്രമണം നടത്തിയത്. വീടിന്റെ ജനലുകൾ മുഴുവൻ തല്ലിത്തകർക്കുകയും എ.ബി.വി.പി ഓഫീസിനു മുന്നിൽ പാർക്ക് ചെയ്‌തിരുന്ന ബൈക്കുകളും മറ്റും അടിച്ച് തകർക്കുകയും ചെയ്‌തു. ഇതിൽ ഒരു ബൈക്ക് സമീപത്തുള്ള ഒരു സ്ഥാപനത്തിലെ ജീവനക്കാരന്റേതായിരുന്നു. ശബ്ദം കേട്ട് എ.ബി.വി.പി സംസ്ഥാന കാര്യാലയത്തിലുണ്ടായിരുന്നവർ ലൈറ്റ് തെളിച്ചതോടെ ഓഫീസിനുള്ളിലേക്ക് അക്രമി സംഘം പെട്രോൾ ബോംബെറിയുകയായിരുന്നു. ഓഫീസ് സെക്രട്ടറിയും മറ്റു മൂന്നു വിദ്യാർത്ഥികളുമാണ് ആ സമയം ഓഫീസിലുണ്ടായിരുന്നത്. വഞ്ചിയൂർ പൊലീസ് കേസെടുത്തു. എ.ബി.വി.പിയുടെ സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ അക്രമം ഗൗരവമായിട്ടാണ് കാണുന്നതെന്ന് സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് പറഞ്ഞു.