palayam

തിരുവനന്തപുരം: പേരൂർക്കട - വെള്ളയമ്പലം ഭാഗത്തേക്കുള്ള സിറ്റി ബസുകൾക്ക് പാളയത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് മുന്നിലുള്ള സ്റ്റോപ്പ് പബ്ലിക് ലൈബ്രറിയ്‌ക്ക് എതിർവശത്തുള്ള ബസ് ബേയിലേക്ക് മാറ്റും. ഇന്നലെ നഗരസഭയിൽ ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

പാളയത്തെ തിരക്ക് കുറയ്‌ക്കുകയാണ് പ്രധാന ലക്ഷ്യം. നഗരസഭ വളപ്പിൽ ഗതാഗതം നിയന്ത്രിക്കുന്നതിന് വാർഡൻമാരെ നിയമിക്കാൻ ട്രാഫിക് പൊലീസ് സൗത്ത് എ.സി.പിയെ ചുമതലപ്പെടുത്തി. പാപ്പനംകോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം റോഡിൽ മാർഗതടസമുണ്ടാക്കി ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നത് നിയന്ത്രിക്കും.

എസ്.എസ് കോവിൽ റോഡ് മുതൽ വാൻഡ്രോസ് ജംഗ്ഷൻ വരെ ഒരു വശത്ത് മാത്രം പാർക്കിംഗ് അനുവദിക്കുന്നതിനും, നോ പാർക്കിംഗ് ബോർഡുൾപ്പെടെ സ്ഥാപിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനിച്ചിരുന്നുവെങ്കിലും നടപ്പായിരുന്നില്ല. ഇക്കാര്യം അടിയന്തരമായി നടപ്പാക്കാൻ ട്രാഫിക് എ.സി.പിയെ ചുമതലപ്പെടുത്തി.

ടൗൺ പ്ലാനിംഗ് ചെയർമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിറ്റി ട്രാഫിക് പൊലീസ് എ.സി.പി സൗത്ത്, എ.സി.പി നോർത്ത്, ആർ.ടി.പി, റോഡ് ഫണ്ട് ബോർഡ്, ആ.ടി.ഒ എന്നവരുടെ പ്രതിനിധകളും ഓട്ടോ തൊഴിലാളി യൂണിയൻ നേതാക്കളും പങ്കെടുത്തു.