ന്യൂഡൽഹി: മോയിൻ ഖുറേഷിയെന്ന് ഇറച്ചി വ്യാപാരിയുടെ പേരിലുള്ള ആരോപണ പ്രത്യാരോപണങ്ങളാണ് സി.ബി.ഐ ഡയറക്ടർ അലോക് വർമ്മയ്ക്കും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കും അർദ്ധരാത്രിയിൽ 'ജോലി" പോകാനിടയാക്കിയത്. മൂന്ന് സി.ബി.ഐ ഡയറക്ടർമാർക്കാണ് മോയിൻ ഖുറേഷിയുടെ പേരിൽ പണി കിട്ടുന്നത്. എ.പി സിൻഹ, രഞ്ജിത്ത് സിൻഹ, ഇപ്പോൾ അലോക് കുമാർ വർമ്മയും.
ഖുറേഷി കൊടുത്ത പണി
യു.പിയിലെ കാൺപുരിൽ നിന്നുള്ള വൻകിട ഇറച്ചി വ്യവസായിയാണ് ഖുറേഷി. 1993ൽ യു.പിയിലെ രാംപുരിൽ ചെറിയ അറവു ശാലയിൽ നിന്ന് തുടങ്ങിയ ഖുറേഷി ഇന്ന് 25ഓളം കമ്പനികളുടെ ഉടമയാണ്.രാഷ്ട്രീയക്കാരുമായും സി.ബി.യിലെ അടക്കം ഉന്നത ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുള്ള മോയിൻ ഖുറേഷി അധികാരികൾക്ക് പ്രിയപ്പെട്ടവനാണ്. ഖുറേഷിക്കെതിരെ നികുതി വെട്ടിപ്പ്, അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ നിലവിൽ അന്വേഷണം നടക്കുകയാണ്. ഹവാല ഇടപാടിലൂടെയും മറ്റും സർക്കാർ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും വശത്താക്കാൻ ശ്രമിച്ചതിനും നോട്ടപ്പുള്ളിയാണ്. 2014ലാണ് ഖുറേഷിയുടെ പേര് സി.ബി.ഐ ഡയറക്ടർമാരുടെ പേരിനൊപ്പം വാർത്തകളിൽ നിറയുന്നത്. സി.ബി.ഐ ഡയറക്ടറായിരിക്കെ രഞ്ജിത്ത് സിൻഹയുടെ വസതിയിൽ 15 മാസത്തിനിടെ എഴുപത് തവണ ഖുറേഷിയെത്തിയെന്ന് ഹൈദരാബാദ് വ്യവസായി സതിഷ് ബാബു സന എൻഫോഴ്സ്മെന്റിന് മൊഴി നൽകിയതോടെയായിരുന്നു അത്. തന്റെ സുഹൃത്തിന് ഒരു കേസിൽ ജാമ്യം കിട്ടാൻ ഒരു കോടി രൂപ ഖുറേഷിക്ക് കൈമാറിയെന്നും സന വെളിപ്പെടുത്തി. രഞ്ജിത്ത് സിൻഹയ്ക്ക് സുപ്രീംകോടതിയിൽ നിന്ന് കണക്കിന് കിട്ടുകയും ചെയ്തു. 2012 -14 വരെയാണ് സിൻഹ പദവിയിലുണ്ടായിരുന്നത്.
ഖുറേഷിവലയിൽ വീണവർ
2010 മുതൽ 12 വരെ സി.ബി.ഐ ഡയറക്ടറായിരുന്ന എ.പി സിൻഹയും 'ഖുറേഷി വലയിൽ" വീണിരുന്നു. യു.പി.എസ് സി അംഗത്വം സംഘടിപ്പിക്കുന്നതിനെ ചൊല്ലിയായിരുന്നു ആരോപണം. തുടർന്ന് ഇൻകം ടാക്സ്, എൻഫോഴ്സ്മെന്റും സി.ബി.ഐയുമൊക്കെ സിൻഹയെക്കെതിരെ പ്രാഥമികാന്വേഷണം നടത്തി. ഒടുവിൽ അസ്താനയും അലോക് വർമ്മയും പോരടിച്ചതും ഖുറേഷിയുടെ പേരിൽത്തന്നെ. കേസൊതുക്കാൻ മൂന്നു കോടി കോഴി വാങ്ങിയെന്ന് അലോക് വർമ്മയ്ക്കെതിരെ അസ്താന. ഖുറേഷി കേസിൽ പെടാതിരിക്കാൻ വ്യവസായി സതീഷ് സനയിൽ നിന്ന് അസ്താന രണ്ടുകോടി വാങ്ങിയെന്ന് അലോക് വർമ്മ. ഇത് ചൂണ്ടിക്കാട്ടി കേസെടുത്തു. ഒടുവിൽ നിർബന്ധിത അവധിയും തേടിയെത്തി.
സനയുടെ പേരിലും ഇടനിലക്കാരൻ
സതീഷ് ബാബു സന ഹൈദരാബാദിൽ രാഷ്‌ട്രീയ ബന്ധങ്ങളുള്ള വ്യവസായിയാണ്. ഇലക്‌ട്രിക് എൻജീനീയറിംഗ് ഡിപ്ളോമക്കാരനായ ഇയാൾ വൈദ്യുതി ബോർഡിൽ സാധാരണ ജീവനക്കാരനായിരുന്നു. പിന്നീട് ജോലി രാജിവച്ച് നിരവധി വ്യവസായ സ്ഥാപനങ്ങളുടെ മേധാവിയായി. ബിനാമി ഇടപാടുകളുള്ള ഇയാൾക്ക് കോൺഗ്രസ്, ടി.ഡി.പി, വൈ.എസ്.ആർ കോൺഗ്രസ് നേതാക്കളുമായി അടുത്തബന്ധമുണ്ട്. സ്‌പോർട്‌സ് അസോസിയേഷനുകളിലെ ഭാരവാഹിയുമാണ്. മൊയിൻ ഖുറേഷിയുമായി അടുപ്പമുള്ള സന നേരത്തെ തന്നെ സി.ബി.ഐയുടെയും എൻഫോഴ്‌സ്‌മെന്റിന്റെയും നോട്ടപ്പുള്ളിയാണ്.