അമ്മാൻ: ജോർദാൻ- ഇസ്രായേൽ അതിർത്തിയിൽ ചാവുകടലിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ 18 പേർ മരിച്ചു. സംഭവത്തിൽ 11 പേർക്ക് പരിക്കേറ്റു. ചാവുകടലിലേക്ക് വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് വന്ന സ്കൂൾ ബസ് ഒലിച്ചുപോയതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. മരിച്ചവരിൽ ഭൂരിഭാഗവും 14 വയസിൽ താഴെയുള്ള സ്കൂൾ കുട്ടികളാണ്. 37 കുട്ടികളും ഏഴ് അദ്ധ്യാപകരുമാണ് സ്കൂൾ ബസിലുണ്ടായിരുന്നത്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. ജോർദാന്റെ അപേക്ഷപ്രകാരം രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകൾ അയച്ചിട്ടുണ്ടെന്ന് ഇസ്രായേൽ അധികൃതർ അറിയിച്ചു. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ചാവുകടൽ. എന്നാൽ എപ്പോഴും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതാണ് ഇവിടം.