ഇസ്ലാമാബാദ്: 2022 ൽ ഇന്ത്യക്കാരനെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്ന ഇന്ത്യൻ പ്രഖ്യാപനത്തിന് പിന്നാലെ പാകിസ്ഥാനും മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. 2022ൽ തന്നെ പാക് പൗരനെ ബഹിരാകാശത്തേക്ക് അയയ്ക്കാനാണ് പാകിസ്ഥാന്റെ പദ്ധതി. ചൈനയാണ് പാകിസ്ഥാന് സഹായം നൽകുന്നതെന്നും റിപ്പോർട്ടുകളുണ്ട്. പദ്ധതിയ്ക്ക് പാകിസ്ഥാൻ ബഹിരാകാശ ഏജൻസിയുമായി ചൈനീസ് കമ്പനി കരാർ ഒപ്പിട്ടതായി പാക് മാദ്ധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ചൈന സന്ദർശിക്കുന്നതിനു മുന്നോടിയായി ചൈനയുമായി ചേർന്നുള്ള ബഹിരാകാശ പദ്ധതിയുടെ വിവരങ്ങൾ പാകിസ്ഥാൻ മന്ത്രി ഫവാദ് ചൗധരി ഔദ്യോഗികമായി പ്രഖ്യാപിച്ചതായും റിപ്പോർട്ടിലുണ്ട്. ചൈന 2003ൽ മനുഷ്യനെ ബഹിരാകാശത്തെത്തിച്ചിരുന്നു. റഷ്യ, അമേരിക്ക എന്നിവയ്ക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന. ചൈനയും പാകിസ്ഥാനും തമ്മിൽ പ്രതിരോധ- സൈനിക മേഖലകളിൽ ശക്തമായ സഹകരണമാണ് നിലനിൽക്കുന്നത്. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയും ഇതിന്റെ ഭാഗമാണ്. പ്രാദേശികമായി നിർമ്മിച്ച രണ്ട് കൃത്രിമോപഗ്രഹങ്ങൾ ഈ വർഷം ആദ്യം പാകിസ്ഥാൻ ബഹിരാകാശത്തേയ്ക്ക് അയച്ചിരുന്നു.