പാറശാല: എക്സൈസിന്റെ നേതൃത്വത്തിൽ ബാലരാമപുരം, ഓലത്താന്നി, മണലുവിള ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 540 ലിറ്റർ കോടയും ഒൻപത് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. റെയ്ഡിൽ ബാലരാമപുരത്ത് ചാരായം വില്പന നടത്താനെത്തിയ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
തലയിൽ ദേശത്ത് ഷീജ ഭവനിൽ മണികണ്ഠൻ (രാജേഷ്-34) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് അഞ്ച് ലിറ്റർ ചാരായം കണ്ടെടുത്തു. മണലുവിള ഐറിൻ കോട്ടേജിൽ റെയ്ഡ് നടത്തിയെങ്കിലും ചാരായം വാറ്റിലേർപ്പെട്ടിരുന്ന ആറാലുംമൂട് സ്വദേശി സന്തോഷ് (പിച്ചാത്തി-35) ഓടി രക്ഷപ്പെട്ടു. നെയ്യാറ്റിൻകര എക്സെസ് സർക്കിൾ ഇൻസ്പെക്ടർ വൈ. ഷിബുവിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഒാഫീസർമാരായ ഷാജി, ഷാജു, ഗോപകുമാർ, ബിജുകുമാർ, സിവിൽ എക്സൈസ് ഒാഫീസർമാരായ വിശാഖ്, രഞ്ജിത്, ബിജു, ഹരിപ്രസാദ്, അരുൺ, സൂരജ്, വിഷ്ണുശ്രീ എന്നിവർ പങ്കെടുത്തു.