കണ്ണൂർ: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എം.പിയുമായ പി.കെ. ശ്രീമതിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട 35 പേർക്കെതിരെ പൊലീസ് കേസെടുത്തു. പി.കെ. ശ്രീമതിക്കെതിരെ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ നേരത്തെ യൂട്യൂബിൽ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിന് താഴെയാണ് എം.പിയെ അപമാനപ്പെടുത്തുന്ന രീതിയിലുള്ള ചിത്രങ്ങളടങ്ങിയ പോസ്റ്റിട്ടത്.
ശ്രീമതിയുടെ ചിത്രം മോർഫ് ചെയ്ത് പോസ്റ്റ് തയ്യാറാക്കിയതായാണ് പരാതി. ഇത് പ്രചരിപ്പിച്ച 35 പേർക്കെതിരെയും ഗോപാലകൃഷ്ണനെതിരെയുമാണ് കണ്ണൂർ പൊലീസ് കേസെടുത്തത്. ശ്രീമതി എം.പിയുടെ പരാതിയിലാണ് കേസ്. പോസ്റ്റിട്ടവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ പറഞ്ഞു.